
സ്വന്തം ലേഖകൻ
കൊച്ചി: അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം നാളെ തുടങ്ങും. ക്ലാസുകൾ തുടങ്ങുന്നതിനു മുൻപുതന്നെ സ്കൂളുകളിൽ പുസ്തകവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമാണ്.
നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. 288 റ്റൈറ്റിലുകളിലായി 2.81 കോടി ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിവിധ ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിച്ചിട്ടുള്ളത്.
പുസ്തകങ്ങൾ മധ്യവേനലവധിക്കാലത്ത് തന്നെ സ്കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. പാഠപുസ്തകങ്ങൾ തരംതിരിച്ച് വിതരണത്തിനു തയ്യാറാക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്.
മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്
പാഠപുസ്തകങ്ങളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നു. ഇത്തവണ വർഷാവസാന പരീക്ഷകൾ തീരുന്നതിനു മുൻപു തന്നെ പാഠപുസ്തക വിതരണം ആരംഭിച്ചിരിക്കുകയാണ്. വേനലവധി തീരുന്നതിനു മുൻപായി യൂണിഫോമുകളുടെ വിതരണവും പൂർത്തിയാക്കും. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന ഉറപ്പ് വിട്ടുവീഴ്ചയില്ലാതെ പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണ്.
പൊതുവിദ്യാഭ്യാസത്തെ ഇനിയും ഒരുപാടുയരങ്ങളിൽ നമുക്ക് എത്തിക്കേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്കായി, അവരുടെ ഭാവിക്കായി ആ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഏവർക്കും ഒരുമിച്ചു നിൽക്കാം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]