
തിരുവനന്തപുരം> കുടുംബശ്രീയുടെ പ്രോജക്ട് അപ്രൈസൽ ഏജൻസി പദവി പുനഃസ്ഥാപിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ആവശ്യമുന്നയിച്ചത്. 2019 മുതൽ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺകൗശൽ യോജന (ഡിഡിയു-ജികെവൈ)യിൽ പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജൻസികളുടെ യോഗ്യത നിർണയിക്കുന്ന (അപ്രൈസൽ) ദേശീയ ഏജൻസി കുടുംബശ്രീയാണ്. എന്നാൽ, കോവിഡ്മൂലം കർണാടക പ്രോജക്ടുമായി ബന്ധപ്പെട്ട് അപ്രൈസൽ റിപ്പോർട്ട് നൽകുന്നതിൽ കാലതാമസമുണ്ടായതോടെ ഏജൻസി പദവി താൽക്കാലികമായി തടഞ്ഞിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഡോ. വി ശിവദാസൻ എംപിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കൂടുതൽ തുക വേണം
കേരളത്തിന് 2021–-22 സോഷ്യൽ ഓഡിറ്റിന് അനുവദിച്ച തുക അപര്യാപ്തമാണെന്നും അഞ്ചു കോടിയെങ്കിലും നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. മൊത്തം ചെലവ് 4.89 കോടി രൂപയാണ്. എന്നാൽ, അനുവദിച്ചത് 2.92 കോടി രൂപയും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമെന്ന പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കേന്ദ്രമന്ത്രി അഭിനന്ദിച്ചു. കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ കേരളത്തെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]