

രാജസ്ഥാന്: രാജസ്ഥാനിലെ ഭരത്പൂരില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. നിര്‍പത് ഗുജ്ജര്‍ എന്ന 32 വയസ്സുകാരനെയാണ് കൊലപ്പെടുത്തിയത്.
നിര്‍പത് ഗുജ്ജറിന്റെ ശരീരത്തിലൂടെ എട്ട് തവണയാണ് ട്രാക്ടര്‍ കയറ്റിയിറക്കിയത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.ഭരത്പൂരിലെ അഡ്ഡ ഗ്രാമത്തില്‍ ബഹദൂര്‍ എന്നയാളും അടര് സിംഗ് ഗുജ്ജറിനെയും തമ്മില്‍ വര്‍ഷങ്ങളായി ഭൂമി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരു വിഭാഗവും സദര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. എന്നാല്‍ വീണ്ടും കൃഷിഭൂമിയില്‍ വച്ച് തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സദര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബഹദൂര്‍ സിങിന്റെ കുടുംബം ട്രാക്ടറുമായി തര്‍ക്കഭൂമിയില്‍ എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടാര്‍ സിംഗിന്റെ ഭാഗത്തുനിന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ അടാര്‍ സിംഗിനൊപ്പം എത്തിയ നിര്‍പത് ഗുജ്ജര്‍ നിലത്തുകിടന്നു പ്രതിഷേധിച്ചതിനിടെയാണ് ട്രാക്ടര്‍ കയറ്റിയിറക്കിയത്. ട്രാക്ടര്‍ കയറ്റിയിറക്കുന്നത് സമീപത്തുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പലതവണ മുന്നോട്ടും പിന്നോട്ടുമെടുത്ത് നിര്‍പത് ഗുജ്ജറിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.
അതിദാരുണമായ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പ്രതികള്‍ കസ്റ്റഡിയിലായെന്നാണ് പൊലീസ് നല്കുന്ന വിവരം. അതേസമയം അതിക്രൂരമായ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. രാജസ്ഥാനില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ആരോപിച്ചു.