
സ്വന്തം ലേഖകൻ ;
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കോട്ടയം ജില്ലയിലെ സൗജന്യ ഓണക്കിറ്റ് വിതരണം തടയരുതെന്ന് പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്കി.
ഉപതിരഞ്ഞെടുപ്പ് മൂലമുള്ള സാങ്കേതികത്വം, കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ഓണസമ്മാനമായി 1,000 രൂപ നല്കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയ നടപടിയും പിന്‍വലിക്കണമെന്ന് സതീശന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂര്‍ണ രൂപം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം.
പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ല. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും ഓണക്കിറ്റ് വിതരണത്തിന് അടിയന്തര അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.
60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1,000 രൂപ നല്കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]