മുംബൈ: തന്റെ 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപോലെ ഒരു കള്ളനെ കണ്ടിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദി അധികാരത്തിലെത്തിയ സമയത്ത് അച്ഛേ ദിൻ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ജനജീവിതം ദുസ്സഹമായതല്ലാതെ നല്ല ദിവസങ്ങൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ സംഗ്ലിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം. ബി.ജെ.പിയും സംഘ്പരിവാറും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ബി.ജെ.പി കാരണം രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും പ്രതിസന്ധി നേരിടുകയാണ്. എന്റെ 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ മോദിയെ പോലെ കള്ളം പറയുന്ന ഒരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല. മോദി അച്ഛേ ദിൻ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷേ അച്ഛേ ദിൻ എവിടെ?” -സിദ്ധരാമയ്യ ചോദിച്ചു. പാചകവാതക, പെട്രോൾ, ഡീസൽ വിലവർധനയെയും അദ്ദേഹം പരാമർശിച്ചു. കർണാടകയിൽ നിർണായക വിജയം നേടിയ ശേഷം ആദ്യമായാണ് സിദ്ധരാമയ്യ സംസ്ഥാനത്തിന് പുറത്തുള്ള ചടങ്ങിൽ പങ്കെടുക്കുന്നത്.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതാപം കുറഞ്ഞുവരികയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം കർണാടകയിൽ ബി.ജെ.പി നേരിട്ട കനത്ത പരാജയമാണ്. നിലവിൽ ബി.ജെ.പി എന്നാൽ അഴിമതിയെന്നും അഴിമതിയെന്നാൽ ബി.ജെ.പിയെന്നും ആയി മാറിയിരിക്കുകയാണ്. കർണാടക തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഞാനും ഡി.കെ ശിവകുമാറും സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും സഞ്ചരിച്ചു. ജനങ്ങളോട് മോദി സർക്കാർ നടത്തുന്ന അനീതികളെകുറിച്ചും അഴിമതികളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കി. ഈ രീതി വരും തെരഞ്ഞെടുപ്പുകളിലും തുടരേണ്ടതുണ്ട്” -അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ ഷിൻഡെ – ഫഡ്നാവിസ് സർക്കാർ അഴിമതി സർക്കാരാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ അഴിമതി സർക്കാറിനെ തുരത്തണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പി സർക്കാരും സംഘ്പരിവാറും ചേർന്ന് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും പേരിൽ വേർതിരിക്കാൻ ശ്രമിക്കുകയാണ്. വെറുപ്പിന്റെയും കമ്മീഷന്റെയും രാഷ്ട്രീയം വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post മോദിയെ പോലെ ഒരു കള്ളനെ 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ കണ്ടിട്ടില്ല -സിദ്ധരാമയ്യ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]