
ലോകപ്രസിദ്ധ സാഹിത്യ വിമർശകനും മാർക്സിസ്റ്റ് ചിന്തകനുമായ ഐജാസ് അഹമ്മദിന്റെ മരണം നമ്മുടെ ചിന്താമണ്ഡലത്തിൽ സൃഷ്ടിക്കുന്ന വിടവ് വളരെ വലുതാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. അത്രമേൽ വലിയ ധിഷണാശാലിയായിരുന്നു ഐജാസ്. സാഹിത്യ വിമർശനത്തിൽ ആരംഭിച്ച് സാംസ്കാരിക പഠനത്തിലേക്കും വർഗീയ ഫാസിസ്റ്റ് വളർച്ചകളുടെ വേരുകളിലേക്കും സാമ്രാജ്യത്വത്തിന്റെ ഒടുങ്ങാത്ത ക്രൂരതകളുടെ ഭൗമ രാഷ്ട്രീയത്തിലേക്കും മാർക്സിസത്തിന്റെ സാർവലൗകിക ശരികളിലേക്കും വ്യാപിച്ച ധിഷണയായിരുന്നു അദ്ദേഹത്തിന്റേത്. “മനുഷ്യനുമായി ബന്ധപ്പെട്ടതൊന്നും എനിക്ക് അന്യമല്ലെന്ന” മാർക്സിന്റെ വാക്കുകൾ നമ്മുടെ കാലത്ത് അത്രമേൽ അന്വർത്ഥമാക്കിയ ക്ലാസിക്കൽ മാർക്സിസ്റ്റ് ചിന്തകനായിരുന്നു ഐജാസ്.
ഒരുപക്ഷേ അടിമുടി ഒരു മാർക്സിസ്റ്റ് ആയതിനാലാവാം ഇത്രയും വിപുലമായൊരു ചിന്താലോകത്ത് എറ്റവും ഉയർന്ന നിലവാരത്തിലുള്ള മൗലിക സംഭാവനകളുമായി അദ്ദേഹത്തിന് വ്യാപരിക്കാൻ സാധിച്ചത്. ആ അർത്ഥത്തിൽ ഐജാസ് ഇന്ന് സർവാധിപത്യം നേടിക്കൊണ്ടിരിക്കുന്ന ‘ടിറണി ഓഫ് പ്രൊഫഷനെ’ മറികടന്ന ചിന്തകനായിരുന്നു.
ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ജനിച്ച ഐജാസ് വിഭജനാനന്തരം മാതാപിതാക്കൾക്കൊപ്പം പാകിസ്ഥാനിലെ ലാഹോറിലെത്തുകയും പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയുമായിരുന്നു. 1980കളിൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും 2017 വരെ ഈ രാജ്യത്ത് തുടരുകയും ചെയ്തു. എന്നാൽ ചെറുപ്പത്തിൽ പാകിസ്ഥാൻ പൗരനായിരുന്നു എന്നതിന്റെ പേരിൽ ഐജാസിന് ഒരിക്കലും ഇന്ത്യൻ പൗരത്വം ലഭിക്കുകയുണ്ടായില്ല. തന്റെ അവസാനസമയം വരെ ഐജാസ് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു. നിർഭാഗ്യവശാൽ ആ ആഗ്രഹം പൂർത്തിയാക്കാനാകാത്ത വേദനയും പേറിയാണ് അദ്ദേഹം വിടവാങ്ങിയത്.
താൻ ഏറെ പഠിക്കുകയും ആലോചനകൾ നടത്തുകയും ചെയ്ത വർഗീയ രാഷ്ട്രീയത്തിന്റെയും മതദേശീയതയുടെയുമൊക്കെ ചരിത്രം ഏൽപ്പിച്ച വലിയ വ്യക്തിഗത ആഘാതമായിരുന്നു ഐജാസിനെ സംബന്ധിച്ച് ഈ പൗരത്വപ്രശ്നം. എങ്കിലും അദ്ദേഹം മാനസികമായി എക്കാലവും ഒരു ഇന്ത്യക്കാരനായി തന്നെ തുടർന്നു. അദ്ദേഹത്തിന്റെ പഠനങ്ങൾ മാത്രമല്ല ആശങ്കകളും വലിയൊരളവോളം ഇന്ത്യയെക്കുറിച്ചായിരുന്നു.
2019ൽ ഞങ്ങൾ നടത്തിയ അഭിമുഖത്തിനിടയിൽ ഐജാസ് പറയുകയുണ്ടായി, ‘ദൈനംദിന തെരഞ്ഞെടുപ്പ് രാഷ്ട്രീയം പഠിക്കുന്ന വിദ്യാർത്ഥിയല്ല ഞാൻ’ എന്ന്. മറിച്ച് ഘടനാപരമായ വിശകലനമാണ് തന്റെ രീതിശാസ്ത്ര അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളെല്ലാം പരിശോധിക്കുകയാണെങ്കിൽ അതിൽ നമുക്ക് കാണാനാവുക ഓരോ പഠന വിഷയത്തിന്റെയും ചരിത്രവും വർത്തമാനവുമൊക്കെയായി പടർന്നുകിടക്കുന്ന ഘടനാപരമായ വിശകലനമാണ്. ഫ്രെഡറിക് ജെയിംസന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ ‘എപ്പോഴും ചരിത്രവൽക്കരിച്ചുകൊണ്ടിരിക്കുക’ എന്നതായിരുന്നു ഐജാസിന്റെ പഠനങ്ങളുടെ മുഖമുദ്ര.
പ്രമുഖ ഉറുദു കവി മിർസ ഖാലിബിന്റെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ഐജാസ് അക്കാദമിക രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പുസ്തകത്തിനുവേണ്ടി അദ്ദേഹം എഴുതിയ ദീർഘമായ ആമുഖം വളരെയധികം ശ്രദ്ധനേടുകയുംചെയ്തു. 1960കളുടെ അവസാനം പുറത്തുവന്ന ഈ പുസ്തകത്തിൽ ഐജാസ് ഖാലിബിലെ കവിതയെയും കവിയേയും അക്കാലത്തെ ഇന്ത്യൻ സാഹചര്യങ്ങളുടെ ഭാതിക പശ്ചാത്തലത്തിൽ നവീനമായി വിലയിരുത്തുകയുണ്ടായി. കൊട്ടിഘോഷിക്കപ്പെട്ട ഘടനാനന്തരവാദ ഉത്തരാധുനിക സാഹിത്യ നിരൂപണങ്ങൾ പുറത്തിറങ്ങുന്നതിന് എത്രയോ മുൻപു തന്നെ സാഹിത്യ വിമർശനത്തിന്റെ അക്കാദമിക ലോകത്ത് പുതുവഴിവെട്ടാൻ ഈ ആമുഖ എഴുത്തിലൂടെ ഐജാസിന് കഴിഞ്ഞിരുന്നു എന്നതാണ് യാഥാർഥ്യം.
വില്യം ജോൺസ് ഒരു ക്ലാസിക്കൽ ഓറിയന്റലിസ്റ്റ് പഠിതാവായിരുന്നെങ്കിൽ മെക്കാളേ പ്രഭു ഒരു യൂട്ടിലിറ്റേറിയൻ, സാമ്രാജ്യത്വ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്നു. ഇരുവരും തമ്മിലുള്ള അടിസ്ഥാന വ്യത്യാസംപോലും മനസ്സിലാക്കാതെ രണ്ടുപേരേയും ഒരേ ഗണത്തിൽപ്പെടുത്തിയതിലെ തെറ്റ് ഐജാസ് ചൂണ്ടിക്കാണിക്കുകയുണ്ടായി.
എഡ്വേർഡ് സെയ്ദ്
ഫ്രെഡറിക് ജെയിംസൺ
ഐജാസിനെ സംബന്ധിച്ച് പാശ്ചാത്യ അക്കാദമിക ജീവിതം വലിയ അന്യവൽക്കരണമാണ് സൃഷ്ടിച്ചത്. ഇതിനെത്തുടർന്നാണ് അദ്ദേഹം ഇന്ത്യയിലേക്ക് മാറാൻ തീരുമാനിച്ചത്. പിന്നീടുള്ള അദ്ദേഹത്തിന്റെ ബൗദ്ധിക ജീവിതം ഇന്ത്യൻ ധൈഷണിക ലോകത്തിനും, മാർക്സിസ്റ്റ് ചിന്താപാരമ്പര്യത്തിനും സമ്മാനിച്ചത് അത്യുജ്വല സംഭാവനകളാണ്. ഇന്ത്യയിലെത്തിയശേഷം മാത്രമാണ് ഈ സമൂഹത്തെക്കുറിച്ച് അദ്ദേഹം ആഴത്തിൽ വായിക്കാനും പഠിക്കാനും ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഐജാസ് ഇന്ത്യയിലേക്ക് മടങ്ങിയില്ലായിരുന്നെങ്കിൽ അത് നമ്മുടെ വിമർശനാത്മക പഠനങ്ങൾക്ക് വലിയൊരു നഷ്ടമായി തീർന്നേനെ.
അരുന്ധതി റോയി
ജർമനിയിലെ നാസി കോൺസൻട്രേഷൻ ക്യാന്പ്
ഒന്നും രണ്ടും ലോകമഹായുദ്ധത്തിനിടയ്ക്കുള്ള കാലത്ത് ഫാസിസ്റ്റ് സ്വഭാവമുള്ള നിരവധി അതിതീവ്ര വലതുപക്ഷ സംഘടനകൾ ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ഉയർന്നുവരികയുണ്ടായി. ഇന്ത്യയിലെ ആർഎസ്എസും ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡുമെല്ലാം ഈ കാലഘട്ടത്തിൽ ഉയർന്നുവന്ന വലതുപക്ഷ സംഘടനകളാണ്. ബോൾഷെവിക്ക് വിപ്ലവത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉയർന്നുവന്ന സോഷ്യലിസ്റ്റ് വിപ്ലവ സാധ്യതകളെ (വെല്ലുവിളികളെ) സംബന്ധിച്ചുള്ള ബൂർഷ്വാസി കുത്തക മുതലാളിത്തത്തിന്റെ ഭയമാണ് ഇത്തരം പ്രതിവിപ്ലവ സംഘടനകൾ രൂപമെടുത്തതിന് പിന്നിലെന്നാണ് ഐജാസിന്റെ നിരീക്ഷണം.
ഇന്ത്യയിൽ ആർഎസ്എസ് രൂപമെടുക്കുന്നത് 1925ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ്. അക്കാലമാകുമ്പോഴേക്കും മഹാരാഷ്ട്രയിൽ ദളിത് മുന്നേറ്റമടക്കമുള്ള സാമൂഹിക ഉണർവുകൾ നടക്കുന്നുണ്ട്. ഈ ഭയം മറാത്ത ബ്രാഹ്മണ വിഭാഗങ്ങളെ അസ്വസ്ഥമാക്കിയിരുന്നുവെന്നും ആർഎസ്എസിന്റെ സ്ഥാപകരും ആദ്യകാല നേതാക്കളുമെല്ലാം ബ്രാഹ്മണരായിരുന്നുവെന്നുമുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ വേണം ഈ സംഘടനയുടെ രൂപീകരണത്തെ മനസ്സിലാക്കാനെന്നുള്ള ഐജാസിന്റെ നിരീക്ഷണം നമ്മുടെ ചരിത്രചർച്ചകളിൽ വളരെ പ്രാധാന്യമുള്ളതാണ്.
വലതുപക്ഷ ഹിന്ദുത്വ വളർച്ചയുടെ ഘടനാപരമായ കാരണങ്ങളിലേക്കും പരിണാമങ്ങളിലേക്കും ഐജാസ് പലവട്ടം നമ്മുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ലോകവ്യാപകമായി നോക്കുകയാണെങ്കിൽ ദേശീയത വളർന്നുവന്നപ്പോൾ തന്നെ ഒരു കൂടപ്പിറപ്പുപോലെ വംശീയപരമായ ദേശീയ കാഴ്ചപ്പാടും വളരുകയുണ്ടായി. ഇന്ത്യൻ അവസ്ഥ പരിശോധിക്കുകയാണെങ്കിൽ, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഹിന്ദു ദേശീയവാദ നിലപാടുകൾ ഉയർന്നുവരുന്നുണ്ട് (ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ഹിന്ദുത്വവാദ ദേശീയത രാഷ്ട്രീയരൂപമാർജിക്കുന്നത്). പിന്നീടത് ഇന്ത്യൻ ദേശീയ സങ്കല്പങ്ങളിലെ ഒരു ധാരയായി എക്കാലവും തുടർന്നുവന്നു.
ഗുജറാത്ത് വംശഹത്യാക്കാലത്തെ കാഴ്ച
ഐജാസിന്റെ അഭിപ്രായത്തിൽ ഫാസിസമെന്നത് ക്ലാര സെത്കിൻ പറഞ്ഞതുപോലെ പരാജയപ്പെട്ട വിപ്ലവത്തിന്റെ വിലയാണ്. ഇന്ത്യയിലെ ഹിന്ദുത്വശക്തികളെ സംബന്ധിച്ച് ഭരണകൂടത്തെ വലതുപക്ഷ അക്രമണത്തിലൂടെ പിടിച്ചെടുക്കേണ്ട ആവശ്യം നിലവിലില്ലെന്ന ഐജാസിന്റെ നിരീക്ഷണം ശരിവയ്ക്കുന്ന നിലയ്ക്കാണ് ഇന്നത്തെ ഇന്ത്യയുടെ പോക്ക്. ഇറ്റലിയിലോ ജർമനിയിലോ കണ്ടതുപോലെയുള്ള നിലയിലല്ല വലതുപക്ഷം ഇന്ത്യയിൽ അധീശത്വം നിലനിർത്തുക. വൻതോതിലുള്ള ന്യൂനപക്ഷ വംശഹത്യയും കോൺസൻട്രേഷൻ ക്യാമ്പുകളും ഇല്ലാതെതന്നെ ഇവിടെ വലതുപക്ഷത്തിന് അധീശത്വം തുടരാൻ സാധിക്കും. ലിബറൽ ജനാധിപത്യത്തിനുള്ളിൽനിന്നുകൊണ്ടുതന്നെ തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ വലതുപക്ഷത്തിന് സാധിക്കുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്.
‘Long march through institutions’എന്നാണ് ആർഎസ്എസിന്റെ ഈ നിലയ്ക്കുള്ള അധീശത്വ മുന്നേറ്റത്തെ ഐജാസ് വിശേഷിപ്പിക്കുന്നത്. നിയമനിർമാണ സഭ, നീതിന്യായ വ്യവസ്ഥ, ഉദ്യോഗസ്ഥ സംവിധാനം, സൈന്യം തുടങ്ങിയ സർക്കാർ സംവിധാനങ്ങളെല്ലാം തന്നെ വലതുപക്ഷ അജണ്ടകൾക്ക് എളുപ്പത്തിൽ വിധേയപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ഭരണകൂടത്തെ വലതുപക്ഷം ഉള്ളിൽനിന്ന് പിടിച്ചെടുക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളതെന്ന് ഐജാസ് നിരീക്ഷിച്ചു. നമ്മുടെ മുൻപിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന വലതുപക്ഷ കുതിപ്പിനെയും അധീശത്വത്തെയും ഇതിലും മികച്ച രീതിയിൽ വിശേഷിപ്പിക്കാനാകില്ല എന്നിടത്താണ് ഐജാസിലെ രാഷ്ട്രീയ ജാഗരൂകതയുള്ള ധിഷണയുടെ പ്രാധാന്യം നിലനിൽക്കുന്നത്.
നവ ഉദാരവൽക്കരണ മുതലാളിത്തത്തെ തീവ്ര മുതലാളിത്തം എന്നാണ് ഐജാസ് എല്ലായ്പ്പോഴും വിശേഷിപ്പിച്ചിട്ടുള്ളത്. തീവ്രമുതലാളിത്തം അതിഭീകരമായ പ്രാകൃത മൂലധന സമാഹരണത്തിന്റെ ഭാഗമായി സാമൂഹിക ജീവിതത്തെ തകർക്കുകയാണ്. അതികഠിനമായ മത്സരവും കൂടുതൽ കൂടുതൽ ആളുകൾ ഉപജീവനത്തിനായി മൂലധനത്തിന്റെ അടിമകളാകുന്നതും, വർധിതമായ സ്വകാര്യവൽക്കരണവും മനുഷ്യന്റെ ആന്തരിക ജീവിതത്തിനുപോലും കൈമാറ്റ മൂല്യത്തിന്റെ വില മാത്രമാകുന്ന സാഹചര്യവുമെല്ലാം മനുഷ്യനിലെ ‘മൃഗീയവാസന’കളും, വംശീയ പ്രാകൃത ബോധങ്ങളും മറ്റ് ആധുനികപൂർവ ബോധങ്ങളും പൂർവാധികം ശക്തിപ്രാപിക്കാനുള്ള സന്ദർഭമൊരുക്കുകയാണെന്ന് ഐജാസ് നിരന്തരം ഓർമപ്പെടുത്തി.
ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രമുതലാളിത്തം ശക്തിപ്രാപിച്ചതോടെ ഇത്തരത്തിൽ വിവിധ സ്വത്വാധിഷ്ഠിത വലതുപക്ഷ ഫാസിസ്റ്റ് ഗ്രൂപ്പുകൾ കരുത്താർജിച്ചുവന്നത് നാം കണ്ടതാണ്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്. സോഷ്യലിസത്തിന്റെ തകർച്ചയും അതിന്റെ ആശയപരമായ നിരാസവും വൻതോതിൽ നടക്കുന്ന ഒരു പശ്ചാത്തലത്തിൽ കൂടിയാണ് ഇത് നടക്കുന്നതെന്ന് ഐജാസ് നിരീക്ഷിച്ചു.
ഇതിനൊപ്പം വലതുപക്ഷ ദേശീയവാദം ശക്തമാകുന്ന പ്രവണതയും തീവ്ര മുതലാളിത്തത്തിന്റെ കാലത്ത് നടക്കുന്നുണ്ട്. ഐജാസിന്റെ അഭിപ്രായത്തിൽ തീവ്രമുതലാളിത്തത്തിന്റെ വ്യാപനം ദേശീയതയെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. മുതലാളിത്തത്തിന്റെ അതിശക്തമായ പ്രഹരം ജനസമൂഹത്തെ ദേശീയതപോലുള്ള വികാരപരമായ കാര്യങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കും.
ഇത് വലതുപക്ഷത്തിന് എളുപ്പത്തിൽ മുതലെടുക്കാൻ അവസരമൊരുക്കുമ്പോൾ ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളത് ഇടതുപക്ഷത്തിന് മുന്നിലെ വെല്ലുവിളിയായി മാറും എന്നുള്ള ഐജാസിന്റെ നിരീക്ഷണത്തിന് പ്രായോഗികമായി നോക്കുമ്പോഴും വലിയ മാനങ്ങളാണുള്ളത്. ദേശീയത ഒരു വർഗപരമായ ആശയമല്ല. മറിച്ച് ആർക്കാണോ ദേശീയതാവ്യവഹാരങ്ങളെ നിർണയിക്കാനും അതിൽ അധീശത്വം നേടാനും സാധിക്കുന്നത് അതിനനുസരിച്ചായിരിക്കും ദേശീയതയുടെ സ്വഭാവവും. ഇന്ത്യയിലെ കൊളോണിയൽവിരുദ്ധ ദേശീയത ബഹുവർഗപരവും വലിയ അളവോളം പുരോഗമനപരവുമായിരുന്നെങ്കിൽ ഇന്നത് അതിവേഗം വലതുപക്ഷവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയതയുമായി ബന്ധപ്പെട്ട പോരാട്ടം ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ഐജാസ് വാദിച്ചു.
ആർഎസ്എസിന്റെ ആയുധപരിശീലനം
എല്ലാ മതങ്ങളെയും പരിഗണിക്കുക എന്ന നിർവചനത്തിന്റെ പ്രധാന പ്രശ്നം എണ്ണത്തിൽ കൂടുതൽ ഉള്ളവർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും എന്നതാണ്. തെരഞ്ഞെടുപ്പിലും മറ്റും രാഷ്ട്രീയമായി ഇതാണ് ലാഭമെന്ന് അധികാരവർഗത്തിന് കൃത്യമായി അറിയാവുന്നതാണ്. അതിനാൽ മതത്തിന്റെ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കുന്ന നിലയിൽ തന്നെയാണ് മതേതരത്വം പ്രവൃത്തിയിൽ വരേണ്ടതെന്നാണ് ഐജാസ് വാദിച്ചത്. മതസഹിഷ്ണുതയാണ് മതേതരത്വം എന്ന നിലയിലുള്ള വാദവും ഐജാസിന് സ്വീകാര്യമല്ലായിരുന്നു. മതസഹിഷ്ണുത പ്രധാനപ്പെട്ടതാകുമ്പോൾ തന്നെ ഒരു വിശ്വാസിയെ സംബന്ധിച്ച് ജീവിതത്തിൽ ഒരിക്കൽപ്പോലും തന്റെ മതമാണ് ഉയർന്നതെന്ന് ചിന്തിക്കാതെ ജീവിക്കാനാവുമോ എന്നൊരു ചോദ്യം അദ്ദേഹം ഉയർത്തുന്നുണ്ട്. അപൂർവം ചിലർക്കുമാത്രമേ അങ്ങനെ സാധിക്കൂ എന്നും ഐജാസ് നിരീക്ഷിക്കുന്നുണ്ട്.
അതുകൊണ്ട് മതേതരത്വമെന്ന ആശയം പ്രധാനപ്പെട്ടതാകുമ്പോൾ തന്നെ ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ വർഗീയതയ്ക്ക് ബദൽ സോഷ്യലിസമാണെന്ന് ഐജാസ് പറഞ്ഞുവയ്ക്കുകയുണ്ടായി. നമ്മുടെ മതേതരത്വ സംവാദങ്ങളിൽ ഐജാസിന്റെ ഈ നിരീക്ഷണങ്ങൾ ഇനിയുമേറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ബിജെപി നയപരമായി വർഗീയത പ്രാവർത്തികമാക്കുമ്പോൾ കോൺഗ്രസ് പ്രയോജനവാദപരമായി വർഗീയതയെ ഉപയോഗിക്കുന്നു എന്ന അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധ നേടിയ നിരീക്ഷണം ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ വളരെ ക്യത്യമായി നടന്നുകൊണ്ടിരിക്കുന്ന ദുരന്താവസ്ഥയും നാം കാണുന്നുണ്ട്.
ആഗോളതലത്തിൽ തന്നെ ഇസ്ലാമുമായി ബന്ധപ്പെട്ട് നടക്കുന്ന സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ബുദ്ധിജീവിയായിരുന്നു ഐജാസ്. അറബ് രാഷ്ട്രങ്ങളിൽ മിക്കവയിലും ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർടികൾ ശക്തമായിരുന്നതിന്റെ ചരിത്രവും ഇവയ്ക്കെതിരായി സാമ്രാജ്യത്വം ആ രാജ്യങ്ങളിലെ ഇസ്ലാമിസ്റ്റ് ശക്തികളെ തുറന്നുവിട്ടതും അതുവഴി ആ രാജ്യങ്ങൾ ഇന്ന് വലിയ നിലയിൽ ഇസ്ലാമിക തീവ്രവാദത്തിന്റെ പിടിയിലമർന്നതുമെല്ലാം അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ നാം വായിച്ചു. ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതിക നിലപാടുകാരെ അദ്ദേഹം എന്നും വിമർശിച്ചിരുന്നു. ഒപ്പം ദേശീയതലത്തിൽ പുരോഗമന സ്വഭാവമുള്ള ഒരു മുസ്ലിം വേദി ഇല്ലാത്തത് മുസ്ലിം സമൂഹത്തെ എല്ലാ അർത്ഥത്തിലും ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു.
സാമ്രാജ്യത്വത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഐജാസ് നടത്തിയ പഠനങ്ങൾ പരാമർശിക്കാതെ അദ്ദേഹത്തെക്കുറിച്ച് എഴുതുന്നത് ആ ധിഷണയോടുള്ള നീതികേടാകും. കാരണം, ലോകരാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സാമ്രാജ്യത്വത്തിന്റെ നിലയ്ക്കാത്ത ക്രൂരതകളെക്കുറിച്ചും അദ്ദേഹം നിരന്തരം സംസാരിച്ചു. സാമ്രാജ്യത്യമില്ലാതെ മുതലാളിത്തത്തിന് നിലനിൽപ്പില്ലെന്നാണ് ഐജാസിന്റെ നിരീക്ഷണം. മുതലാളിത്തത്തിന്റെ ഉത്ഭവംമുതലേ കൂടപ്പിറപ്പെന്നപോലെ സാമ്രാജ്യത്വവും ഒപ്പമുണ്ട്. അതുകൊണ്ട് സാമ്രാജ്യത്വം കാലഹരണപ്പെട്ട പ്രയോഗവും അനുഭവവുമാണെന്ന പണ്ഡിതമതം ഐജാസിലെ മാർക്സിസ്റ്റിന് ഒരിക്കലും സ്വീകാര്യമല്ലായിരുന്നു.
അന്റോണിയോ നെഗ്രി
കേവലം ജനസഞ്ചയം മാത്രമായി വിപ്ലവം നടക്കുകയില്ലെന്നും പുരോഗമന കക്ഷികൾ ജനകീയ മുന്നേറ്റത്തിന്റെ നേതൃനിരയിലെത്തിയില്ലെങ്കിൽ അറബ് വസന്തം ഇസ്ലാമിസ്റ്റ് വിഭാഗങ്ങളുടെ കൈകളിലെത്തുമെന്നും അത് അങ്ങേയറ്റം പ്രതിലോമകരമാകുമെന്നും ഐജാസ് മുന്നറിയിപ്പ് നൽകിയിരുന്നു. 10 വർഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ അറബ് വസന്തം നടന്ന രാജ്യങ്ങളിലെ അവസ്ഥ ഐജാസ് പ്രവചനാത്മകമായി മുന്നറിയിപ്പ് നൽകിയ സ്ഥിതിയിലെത്തിയിരിക്കുകയാണ്.
ഈ വിഷയങ്ങൾക്കുപുറമേ പോസ്റ്റ് മോഡേണിസം, ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം തുടങ്ങി വളരെ വിപുലമായ വൈജ്ഞാനിക താല്പര്യമാണ് ഐജാസിനെ നയിച്ചിരുന്നത്. മാർക്സിസം വെല്ലുവിളിക്കപ്പെട്ടപ്പോഴെല്ലാം പ്രതിരോധത്തിനിറങ്ങിയ ക്ലാസിക്കൽ മാർക്സിസ്റ്റ് ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ക്ലാസിക്കൽ മാർക്സിസത്തിന്റെ ഈ ചിന്താപാരമ്പര്യമാണ് ഐജാസിന്റെ വിശകലനങ്ങളെ ഇത്രമേൽ ദീപ്തവും കൃത്യവുമാക്കിയതും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനാധിപത്യവിരുദ്ധതയും മതതീവ്രവാദവും സാമ്പത്തികപരവും സാംസ്കാരികവും മതപരവുമായ വലതുപക്ഷവൽക്കരണവും വളരെ ശക്തമായി നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും മതപരമായും വലതുപക്ഷശക്തികൾ കരുത്താർജ്ജിച്ച ഘട്ടമാണിത്. ഈ പ്രതിഭാസത്തെയും അതിന്റെ ഘടനപരമായ കാരണങ്ങളെയും സംബന്ധിച്ച് ഉൾക്കാഴ്ച ലഭിക്കുന്നതിനും നമ്മുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും കഴിയുന്ന ലോകോത്തര ചിന്തകരുമായുള്ള ദീർഘാഭിമുഖ പരമ്പരയ്ക്ക് ഞങ്ങൾ 2017ൽ രൂപം നൽകിയിരുന്നു. അതിന്റെ ഭാഗമായുള്ള ആദ്യ അഭിമുഖം പ്രശസ്ത മാധ്യമപ്രവർത്തകൻ പി സായിനാഥുമായിട്ടാണ് നടത്തിയത്.
ഗായത്രി സ്പിവാക്കിനൊപ്പം (ഇടത്) ഐജാസ് അഹമ്മദ് , കടപ്പാട്: ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ്, കാലിഫോർണിയ യൂണിവേഴ്സിറ്റി
ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനും പുത്തൻ സാമ്പത്തിക പരിഷ്കരണത്തിനും ശേഷം ഇന്ത്യൻ ദേശീയ രാഷ്ട്രീയം ഏത് നിലയിലാണ് മാറിയിരിക്കുന്നതെന്ന് വളരെ ആഴത്തിൽ നമ്മെ ബോധ്യപ്പെടുത്തിയ ചിന്തകനാണ് ഐജാസ്. അതുൊണ്ടുതന്നെ അദ്ദേഹത്തിന്റെ ദീർഘകാലത്തെ സംഭാവനകളെ മുൻനിർത്തിയുള്ള ഒരു സംഭാഷണമായിരുന്നു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. ഡൽഹിയിൽ എ കെ ജി ഭവനിൽവച്ച് പ്രകാശ് കാരാട്ടുമായി ഒരിക്കൽ സംസാരിക്കുന്നതിനിടയിൽ ഇക്കാര്യം സൂചിപ്പിക്കുകയും അദ്ദേഹം ഐജാസിനെ ബന്ധപ്പെടുത്തിത്തരികയും ചെയ്യുകയുണ്ടായി. ഐജാസ് സമ്മതിച്ചതിനെ തുടർന്ന് 24 ചോദ്യങ്ങൾ ഉള്ള ഒരു നീണ്ട ചോദ്യാവലി ഞങ്ങൾ തയ്യാറാക്കി. 2018 ജനുവരിയിൽ ഞങ്ങൾ ചോദ്യാവലി നൽകിയെങ്കിലും കാലിഫോർണിയ സർവകലാശാലയിലെ അദ്ദേഹത്തിന്റെ ക്ലാസും ഇടയ്ക്ക് ആരോഗ്യസ്ഥിതിയിൽ വന്ന പ്രശ്നങ്ങളും മൂലം അഭിമുഖം വൈകി.
ഇതിനിടയിൽ 2019ലെ പൊതുതെരഞ്ഞെടുപ്പ് നടന്നു. ആ തെരഞ്ഞെടുപ്പ് ഫലംകൂടി വിലയിരുത്തി 2019 ജൂലൈ മാസത്തിൽ ഫ്രണ്ട്ലൈൻ മാസികയുടെ കവർ സ്റ്റോറിയായി 10,000 വാക്കുകളുള്ള ഐജാസിന്റെ അഭിമുഖം പുറത്തുവന്നു. അന്തർദേശീയ തലത്തിൽ ആ അഭിമുഖം പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. മലയാളം, ബംഗാളി ഉൾപ്പടെ പല ഇന്ത്യൻ ഭാഷകളിലേക്കും അത് വിവർത്തനം ചെയ്തു. 2020ൽ ഈ അഭിമുഖം മലയാളത്തിൽ ദേശാഭിമാനി വാരികയിൽ തന്നെ വിവർത്തനം ചെയ്യപ്പെട്ടു. ഇതെല്ലാം ഐജാസിന്റെ വാക്കുകൾക്ക് ലോകവ്യാപകമായിത്തന്നെയുള്ള സ്വീകാര്യതയുടെ തെളിവുകളായിരുന്നു.
2020ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ കോവിഡ് ലോകക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്നതിനെ മുൻനിർത്തി ഒരു അഭിമുഖപരമ്പര ചെയ്തിരുന്നു. നോം ചോംസ്കി, അരുണ റോയി തുടങ്ങിയവരെ അതിന്റെ ഭാഗമായി ഞങ്ങൾ അഭിമുഖം നടത്തിയിരുന്നു. ആ പരമ്പരയിൽ ഐജാസ് അഹമ്മദിന്റെ അഭിമുഖം ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുകയും അദ്ദേഹം അഭിമുഖത്തിന് സമ്മതിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും സർവകലാശാല തിരക്കുകളും മൂലം ആ അഭിമുഖം പൂർത്തിയാക്കാനായില്ല. ഇക്കാര്യം ഒരു വലിയ നഷ്ടമായി എക്കാലവും തുടരും എന്നത് തീർച്ചയാണ് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]