പത്തനംതിട്ട: നവകേരള സദസ് വിജയിപ്പിക്കാനുള്ള യോഗത്തിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദ്ദേശം. പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലാണ് സംഭവം. തൊഴിലുറപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് തൊഴിലാളികളോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. തൊഴിലുറപ്പിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള യോഗത്തിൽ പങ്കെടുക്കാനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥയുടെയും തൊഴിലുറപ്പ് മേറ്റിന്റെയും ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നു.
നവകേരള സദസ് നടക്കുന്നതിന് മുന്നോടിയായിട്ടുള്ള യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. മുമ്പ് യോഗം വിളിച്ചെങ്കിലും ആളുകള്‍ കുറവായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. മാറ്റിവച്ച യോഗത്തില്‍ എത്തുന്നതിനായാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തശേഷം തൊഴിലുറപ്പ് ജോലി തുടര്‍ന്നാല്‍ മതിയെന്നും പറയുന്നുണ്ട്. എന്നാല്‍,
ആരോപണം വിവാദമായതോടെ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഇത് നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നവകേരള സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുന്ന പഞ്ചായത്ത് മെമ്പറുടെ ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. പഞ്ചായത്ത് മെമ്പർ വിനീതയുടേതായിരുന്നു ശബ്ദ സന്ദേശം. പങ്കെടുത്തില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും കുടുംബശ്രീ വാട്സ്ആപ്പ് ഗ്രൂപ്പിൽ മുന്നറിയിപ്പ് നൽകുന്ന സന്ദേശമാണ് പുറത്ത് വന്നത്.