

ബാലുശ്ശേരി: ബാലുശ്ശേരിയിൽ മഴവെള്ളം കയറിയ വീടുകളിൽ വലിയ നാശനഷ്ടങ്ങൾ. താൽക്കാലിക ക്യാംപുകളിലായിരുന്ന വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് നഷ്ടങ്ങൾ മനസ്സിലായത്. ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും വലിയ തോതിൽ നശിച്ചു. മഴക്കാലത്തേക്കു മുൻകരുതലായി ഉണക്കി പൊടിച്ച് സൂക്ഷിച്ച മസാലകളും അരി, ഗോതമ്പ് എന്നിവയെല്ലാം നശിച്ചു. ഉപയോഗിക്കാൻ പറ്റാത്ത വിധം നശിച്ച സാധനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു. കൂലിപ്പണിക്കാരായ ഒട്ടേറെ കുടുംബങ്ങളാണ് പ്രയാസത്തിലായിരിക്കുന്നത്.
വീവേഴ്സ് കോളനിയിലെ എളവീട്ടിൽ സോമന്റെ നെയ്ത്തുശാലയിൽ വെള്ളം കയറി നൂലുകളും തറിയും നശിച്ചു. ചെളി നിറഞ്ഞ വീടുകളുടെ ഉൾവശം വൃത്തിയാക്കാൻ കഠിന പ്രയത്നം തന്നെ വേണ്ടിവന്നു. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വെള്ളം കയറി നശിച്ചു. ഒട്ടേറെ സ്ഥലങ്ങളിൽ വാഴക്കൃഷി നശിച്ചു. വേനൽക്കാല പച്ചക്കറികളുടെ അവസാന ഘട്ട വിളവെടുപ്പ് എടുക്കാനാകാത്ത വിധം പലയിടത്തും കൃഷി നശിച്ചു. ബാലുശ്ശേരി, നന്മണ്ട പഞ്ചായത്തുകളിൽ ആരംഭിച്ച താൽക്കാലിക ക്യാംപുകൾ അവസാനിപ്പിച്ചു.