
സ്വന്തം ലേഖകൻ
പത്തനാപുരം: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും, സിപിഐ ബ്രാഞ്ച് അംഗവും തമ്മില്‍ ഏറ്റുമുട്ടിയതോടെ നഷ്ടമായത് ഒരു വിരല്‍.
സിപിഐ അംഗത്തിന്റെ കൈ വിരല്‍ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ഞായര്‍ രാത്രി 11നാണ് സംഭവം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ സിപിഎം വിട്ട് സിപിഐയിലെത്തിയ മഹേഷിന്റെ വിരലാണു സിപിഎം അംഗം കടിച്ചെടുത്തത്. ഇയാള്‍ പാര്‍ട്ടി വിട്ടതോട് കൂടി സിപിഎം പ്രവര്‍ത്തകരുമായി ചെറിയ തോതില്‍ തര്‍ക്കങ്ങളുണ്ട്. ഞായറാഴ്ച വൈകിട്ട് ഒരു കല്യാണ വീട്ടില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മഹേഷും തമ്മില്‍ തര്‍ക്കമുണ്ടായി. രാത്രി 11ന് മൂലവട്ടം ജംക്ഷനില്‍ ഇവര്‍ വീണ്ടും കണ്ടുമുട്ടി, തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങി. ഇതിനിടെ മഹേഷിന്റെ ഇടതു കയ്യിലെ തള്ളവിരല്‍ സിപിഎം അംഗത്തിന്റെ വായില്‍ അകപ്പെട്ടു. ഇതോടെ ഇയാള്‍ വിരലില്‍ അമര്‍ത്തിക്കടിച്ചു.
അവിടെയുണ്ടായിരുന്നവര്‍ ഇടപെട്ട് വിരല്‍ വായില്‍ നിന്നു പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലില്‍ നിന്നു കടി വിട്ടത്. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാര്‍ മഹേഷിനെയും കൊണ്ട് ആശുപത്രിയിലെത്തി. അവിടെയെത്തുമ്ബോഴാണ് വിരല്‍ ഇല്ലെന്ന വിവരം അറിയുന്നത്. മഹേഷിനെ ആശുപത്രിയിലാക്കി, ബന്ധുക്കളും നാട്ടുകാരും തിരികെയെത്തി സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരല്‍ എവിടെയെന്നു പറഞ്ഞില്ല.
ഒടുവില്‍ അര്‍ധ രാത്രിയില്‍ നടത്തിയ തിരച്ചിലില്‍ ഇയാള്‍ തുപ്പിക്കളഞ്ഞ വിരല്‍ കണ്ടെത്തി മഹേഷിനെ പ്രവേശിപ്പിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാൻ കഴിഞ്ഞില്ല. മഹേഷ് ഇന്നലെ രാത്രി ആശുപത്രി വിട്ടു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണു പൊലീസില്‍ നിന്നു ലഭിച്ച വിവരം. അതേസമയം സിപിഐ നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]