
സ്വന്തം ലേഖിക
കോട്ടയം: റെയില്‍വേ സ്റ്റേഷന്റെ ഗുഡ് ഷെഡ് ഭാഗത്തു നിന്നുള്ള രണ്ടാം കവാടം ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് തോമസ് ചാഴികാടന് എംപി അറിയിച്ചു.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തോമസ് ചാഴികാടന് എംപിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. അഞ്ചു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവര്‍ബ്രിഡ്ജിനും അനുബന്ധമായി എസ്കലേറ്ററുകള്‍ നിര്‍മിക്കുന്നതിനുമായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.
അടുത്ത വര്‍ഷം ജനുവരിയോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ എംപിക്ക് ഉറപ്പു നല്കി.
മദര്‍ തെരേസ റോഡും റെയില്‍വേ സ്റ്റേഷന് റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന്റെ ഇടിഞ്ഞുപോയ ഭാഗങ്ങളുടെ പുനര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. അടുത്ത ശബരിമല സീസണ് മുന്‍പായി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണം.
ആര്‍പിഎഫ് ഓഫീസിന് സമീപത്ത് കൂടുതല്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യം ഒരുക്കണമെന്നും എം.പി.ആവശ്യപ്പെട്ടു.
പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ നിലവില്‍ ഉപയോഗശൂന്യമായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ടു തുരങ്കങ്ങള്‍, പൈതൃക സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും ഉപകാരപ്രദമാക്കുന്നതിനുമുള്ള പദ്ധതി ആവിഷ്ക്കരിക്കണം.
സ്റ്റേഷനിലെ പ്ലാറ്റുഫോമുകള്‍ക്ക് പൂര്‍ണ്ണമായും മേല്‍ക്കൂര നിര്‍മ്മിക്കണമെന്നും കൂടുതല്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. നിലവില്‍ എറണാകുളം ഭാഗത്തേക്ക് പ്ലാറ്റ്ഫോം ഇല്ലാത്ത കുമാരനല്ലൂര്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചു അടിയന്തിരമായി പ്ലാറ്റ്ഫോം നിര്‍മ്മിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ്സ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തണമെന്നും, ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന കൊച്ചുവേളി- ലോകമാന്യ തിലക് സൂപ്പര്‍ ഫാസ്റ് എക്സ്പ്രസ്സ് പ്രതിദിന സര്‍വീസ് ആക്കണമെന്നും, തിരുവനതപുരം-മംഗലാപുരം റൂട്ടില്‍ വാരാന്ത്യ സൂപ്പര്ഫാസ്റ് സര്‍വീസ് ആരംഭിക്കണമെന്നും, ബാംഗ്ലൂര്‍ റൂട്ടിലെ തിരക്ക് പരിഗണിച്ചു പുതിയ ട്രെയിന്‍ ആരംഭിക്കണമെന്നും, തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സിനു പുതിയ എല്‍എച്ച്ബി കോച്ചുകള്‍ അനുവദിക്കണമെന്നും, കോട്ടയം എറണാകുളം റൂട്ടില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ തുടങ്ങണമെന്നും യോഗത്തില്‍ എം.പി ആവശ്യപ്പെട്ടു.
തോമസ് ചാഴികാടന് എം.പി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സജീന്ദ്രര്‍ ശര്‍മ്മ,സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ വിജു.വി.എന്‍,സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ അരുണ്‍,ചീഫ് എഞ്ചിനീയര്‍ (കണ്‍സ്ട്രക്ഷന്‍) രാജഗോപാല്‍,ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍ സുനില്‍ കുമാര്‍,സ്റ്റേഷന് മാനേജര്‍ ബാബു തോമസ് എന്നിവര്‍ പങ്കെടുത്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]