
സ്വന്തം ലേഖകൻ
കൽപ്പറ്റ: രാഹുൽ ഗാന്ധി എംപിക്കെതിരായ കോടതിവിധിക്കും അയോഗ്യനാക്കിയ നടപടിക്കുമെതിരെ വയനാട് പാർലമെന്റ് മണ്ഡലത്തിൽ പ്രതിഷേധം ശക്തം. പാർലമെന്റ് മണ്ഡലത്തിലെ മൂന്നു നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട്ടിൽ എല്ലായിടത്തും പ്രതിഷേധം ശക്തമാണ്.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മുസ്ലീം ലീഗ്, യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാനന്തവാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രധാന ടൗണുകളിലും പുൽപ്പള്ളി, മീനങ്ങാടി ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിലും പ്രതിഷേധപ്രകടനങ്ങളും യോഗവും ചേർന്നു. രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കെതിരെ സിപിഐഎമ്മും സിപിഐയും പ്രതികരണവുമായി രംഗത്തെത്തി.
രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു മാർച്ച്. വെള്ളയമ്പലം ജംഗ്ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു.നിരവധി പ്രവർത്തകരുടെ തലയ്ക്കുൾപ്പെടെ പരിക്കേറ്റു.
വയനാട് കൽപ്പറ്റയിലായിരുന്നു പ്രധാനമായും കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി.
കെപിസിസി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എംഎൽഎ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജനാധിപത്യരാജ്യത്ത് പ്രതികരിക്കുന്നവരെയും ചോദ്യങ്ങൾ ചോദിക്കുന്നവരെയും നിശബ്ദരാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും രാഹുൽ ഗാന്ധിക്കെതിരായ നടപടി മോദിയുടെ ഒടുക്കത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]