
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് കൂടുന്ന സാഹചര്യത്തിൽ ഡ്രസ്സ് കോഡില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍. സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും കറുത്ത ഗൗണും അണിഞ്ഞ് കൊടും ചൂടിലിരുന്ന് ജോലി ചെയ്യുന്നത് അസഹ്യമായതിന് പിന്നാലെയാണ് കേരളത്തിലെ 100ല്‍ അധികം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഡ്രസ്സ് കോഡില്‍ ഭേദഗതിയെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള നിലവിലെ വേഷത്തിന് മാറ്റം വേണമെന്നാണ് ആവശ്യം. 1970 ഒക്ടോബര്‍ 1 മുതലുള്ള ഡ്രസ്സ് കോഡ് അനുസരിച്ച് നിറം കുറഞ്ഞ സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും ബാരിസ്റ്റേഴ്സ് ഗൗണുമാണ് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ധരിക്കേണ്ടത്.
പുരുഷ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കറുത്ത തുറന്ന കോളറോട് കൂടിയ കോട്ടും വെള്ള ഷര്‍ട്ടും വെള്ള കോളര്‍ ബാന്‍ഡും ബാരിസ്റ്റേഴ്സ് ഗൗണുമാണ് കോടതിയില്‍ ധരിക്കാന്‍ അനുമതിയുള്ളത്. ആവശ്യത്തിന് വായു പോലും കടന്നു വരാത്ത ചേംബറുകള്‍ക്കുള്ളില്‍ നിര്ധിഷ്ട വസ്ത്രമണിഞ്ഞ് 40 ഡിഗ്രിയിലധികം ചൂടില്‍ ജോലി ചെയ്യേണ്ടി വരുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുന്നുവെന്നാണ് വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്കിയ നിവേദനത്തില്‍ വിശദമാക്കുന്നത്. നിറം കുറഞ്ഞ ചുരിദാറുകള്‍ ധരിക്കാന്‍ അനുമതി വേണമെന്നാണ് വനിതാ ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നത്. 53 വര്‍ഷത്തോളം പഴക്കമുള്ള ഡ്രസ്സ് കോഡില്‍ കാലാനുസൃതമായ മാറ്റം വേണമെന്നും നിവേദനം ആവശ്യപ്പെടുന്നുണ്ട്.
അടുത്തിടെ തെലങ്കാന ഹൈക്കോടതി വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ്സ് കോഡില്‍ മാറ്റം അനുവദിച്ചിരുന്നു. സാരിക്ക് പുറമേ സല്‍വാര്‍, ചുരിദാര്‍, ലോംഗ് സ്കര്‍ട്ട്, പാന്റുകള്‍ എന്നിവ ഉപയോഗിക്കാനാണ് തെലങ്കാന ഹൈക്കോടതി അനുമതി നല്‍കിയത്. കോടതിയുടെ അന്തസ് ഹനിക്കാത്ത രീതിയിലുള്ളതാവണം വസ്ത്രധാരണം എന്ന നിര്‍ദ്ദേശത്തോടെയായിരുന്നു മാറ്റത്തിനുള്ള അനുമതി. പുതിയ കെട്ടിടങ്ങള്‍ ഇല്ലാത്ത ചേംബറുകളില്‍ എസി പോലുമില്ലാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അതീവ ക്ലേശകരമാണെന്നാണ് വനിതാ ജുഡീഷ്യല്‍ ജീവനക്കാര്‍ വിശദമാക്കുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]