
സ്വന്തം ലേഖകൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞെത്തിയ മോദിയെ ആയിരങ്ങള്‍ ആരവങ്ങളോടെ വരവേറ്റു.
കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാണ് റോഡ് ഷോ. റോഡിലൂടെ നടന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ജനസാഗരമാണ് റോഡ് ഷോയില്‍ പങ്കെടുക്കാനായി എത്തിയത്.
റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം’ പരിപാടിക്ക് തുടക്കമായി. മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ രാഷ്ട്രീയ – സാംസ്കാരിക – സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്.
നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന് വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി തുടങ്ങിയ പ്രമുഖരും ബി ജെ പി സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമായിട്ടുണ്ട്.
യുവം പരിപാടിക്ക് ശേഷം രാത്രി 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും. 10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് തീവണ്ടി ഫ്ളാഗ്ഓഫ് ചെയ്യും. 11 -ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍മെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]