
സ്വന്തം ലേഖകൻ
കൊച്ചി: പൊതു ശ്മശാനങ്ങളില്‍ സമുദായ വേര്‍തിരിവ് ഇല്ലാതെ ഏതൊരാളുടെയും ഭൗതിക ശരീരം അടക്കം ചെയ്യണമെന്ന് ഹൈക്കോടതി. സമുദായ അടിസ്ഥാനത്തില്‍ ശ്മശാനങ്ങള്‍ക്ക് ലൈസന്‍സ് നല്കുന്ന പതിവ് തുടരേണ്ടതുണ്ടോയെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
പാലക്കാട് പുത്തൂര്‍ പഞ്ചായത്തിലെ ശ്മശാനത്തില്‍ ചക്കിലിയന്‍ സമുദായത്തിന് സംസ്കാരത്തിന് അനുമതി നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 2020 ഏപ്രിലില്‍ ചക്കിലിയന്‍ സമുദായത്തില്‍ പെട്ട സ്ത്രീയുടെ മൃതദേഹം പുത്തൂര്‍ പഞ്ചായത്തിലെ ശ്മശാനത്തില്‍ സംസ്കരിച്ചില്ലെന്ന് സന്നദ്ധ സംഘടന നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൃതദേഹവുമായി എത്തിയ കുടുംബാംഗങ്ങളെയും സമുദായ അംഗങ്ങളെയും മേല്ജാതിക്കാര് ഭീഷണിപ്പെടുത്തിയതായും ഹര്‍ജിയില്‍ പറഞ്ഞു.
എന്നാല്‍ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്ന ശ്മശാനം സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. കോവിഡ് ഭീതി നിലനിന്ന കാലം ആയതിനാലാണ് സ്ത്രീയുടെ മൃതദേഹം അവിടെ അടക്കാതിരുന്നത്. മറ്റൊരു സ്ഥലം കണ്ടെത്തി ഈ പ്രശ്നം പരിഹരിച്ചതാണെന്നും കലക്ടര്‍ അറിയിച്ചു.
ഒറ്റ സംഭവം മാത്രം വച്ച് ജാതി വേര്‍തിരിവ് നിലനില്ക്കുന്നുവെന്ന നിഗമനത്തില്‍ എത്താനാവില്ലെന്ന് കോടതി പറഞ്ഞു. മഹാമാരിക്കാലത്ത് കോവിഡ് ഭീതി ഉയര്‍ത്തി പ്രദേശ വാസികള്‍ എതിര്‍പ്പ് അറിയിച്ചത് തീര്‍ത്തും തള്ളിക്കളയാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഏതു പൊതു ശ്മശാനവും സമുദായ വേര്‍തിരിവ് ഇല്ലാതെ തന്നെ ഏവര്‍ക്കും പ്രാപ്യമാവേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
പല നിയമങ്ങളും അനുസരിച്ച് സര്‍ക്കാര്‍ സമൂദായങ്ങള്‍ക്ക് ശ്മശാന ലൈസന്‍സ് നല്‍കുന്നുണ്ട്. ഇത് തുടരേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. ഇത്തരത്തില്‍ സമുദായ അടിസ്ഥാനത്തില്‍ ശ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണോയെന്നു നോക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]