
തിരുവനന്തപുരം
സിൽവർ ലൈനിനെതിരായ കോൺഗ്രസിന്റെയും ബിജെപിയുടെയും കല്ല് പിഴുതെറിയൽ സമരം ഇരുകക്ഷികളിലെയും പോര് മറയ്ക്കാൻ. രാജ്യസഭാ സ്ഥാനാർഥി നിർണയം, പുനഃസംഘടനാ വിഷയങ്ങളിലാണ് കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നതെങ്കിൽ, ബിജെപിയിൽ സംസ്ഥാന നേതൃത്വത്തിനെതിരായ വിമതനീക്കം അനുദിനം ശക്തിപ്പെടുകയാണ്. അന്തഃഛിദ്രം മറികടക്കാനുള്ള വഴിയായാണ് കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ ഇവർ കൈകോർത്തിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും രമേശ് ചെന്നിത്തലയും ഒരു വശത്തും കെ സി വേണുഗോപാലും വി ഡി സതീശനും മറുവശത്തും അണിനിരന്നാണ് കോൺഗ്രസിലെ യുദ്ധം മുറുകുന്നത്. രാജ്യസഭാ സ്ഥാനാർഥി നിർണയത്തോടെ നേതാക്കൾ പലവഴിക്കായി. പ്രഖ്യാപിച്ചത് യുഡിഎഫ് സമരമെന്നാണെങ്കിലും കോൺഗ്രസ് മാത്രമാണ് തെരുവിലുള്ളത്. മുസ്ലിംലീഗടക്കം മറ്റു കക്ഷികളുടെ കാര്യമായ പ്രാതിനിധ്യം പലയിടത്തുമില്ല. ബിജെപിയിലാകട്ടെ ഒരു വിഭാഗം മാത്രമാണ് കോൺഗ്രസിനൊപ്പം സമരത്തിൽ അണിനിരന്നത്. കെ സുരേന്ദ്രനെ എതിർക്കുന്ന ബിജെപി നേതൃചേരി ജില്ലകൾ തോറും വിമതയോഗം ചേരുകയാണ്. കോൺഗ്രസ്, ബിജെപി തലപ്പത്തുള്ള ചില നേതാക്കൾ രഹസ്യമായി കൂടിയാലോചിച്ചാണ് സമരമുഖം തുറക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ രാഷ്ട്രീയമുന്നേറ്റം ലക്ഷ്യംവച്ചാണ് നീക്കം. തെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ ജനങ്ങൾ തൂത്തെറിഞ്ഞ കോൺഗ്രസും ബിജെപിയും സമരത്തിന്റെ മറവിൽ തിരിച്ചുവരാനുള്ള പാഴ്ശ്രമത്തിലാണ്.
എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില കേന്ദ്രങ്ങളിൽ മാത്രമാണ് സമരം. ചോറ്റാനിക്കരയിൽ കല്ലുപിഴുതെടുക്കാൻ കൊച്ചിയിലെ കോൺഗ്രസ് പ്രവർത്തകരെയാണ് ഇറക്കിയത്. ഡിസിസി പ്രസിഡന്റ് നേരിട്ടാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. സമരം ആളിക്കത്തിച്ച് താഴെത്തട്ടിൽ ചർച്ചയായ പേമെന്റ് സീറ്റ് ആരോപണം ഉൾപ്പെടെയുള്ളവയിൽനിന്ന് മുഖം രക്ഷിക്കാനാണ് കൊണ്ടുപിടിച്ച ശ്രമം. ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ ജില്ലയിലാണ് കടുത്ത എതിർപ്പുയർന്നത്.
സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായ നടപടികൾക്കിടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് അഴിമതി ആരോപണവുമായി കെ സുധാകരനും രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും രംഗത്തിറങ്ങിയത്. പത്തു ശതമാനം കമീഷനെന്ന് കെ സുധാകരൻ ആരോപിക്കുമ്പോൾ രമേശ് ചെന്നിത്തല അഞ്ചു ശതമാനമാണെന്ന് വാദിക്കുന്നു. ജപ്പാൻ ഏജൻസിയുമായി കമീഷൻ ഉറപ്പാക്കിയെന്നാണ് കെ സുരേന്ദ്രന്റെ ആക്ഷേപം. ആരോപണത്തിലെ പൊള്ളത്തരമാണ് ഇത് തെളിയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]