
സ്വന്തം ലേഖകൻ
തിരുവനന്തപുരം:കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക്. ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി സെപ്റ്റംബറിൽ ആദ്യ മദര്‍ഷിപ്പ് വിഴിഞ്ഞത്തെത്തും. അടുത്തവര്‍ഷം സെപ്റ്റംബറോടെ വിഴിഞ്ഞം തുറമുഖം പൂര്‍ണതോതിൽ പ്രവര്‍ത്തന സജ്ജമാകും.കടലിൽ കല്ലിട്ട് തുറമുഖപ്രദേശത്തെ വേര്‍തിരിക്കുന്ന പുലിമുട്ടിന്റെ നിര്‍മ്മാണം 2960 മീറ്റര്‍ പൂര്‍ത്തിയായി.
ശേഷിക്കുന്നത് 660 മീറ്റര്‍ മാത്രം. മൺസൂൺ വെല്ലുവിളിയാണെങ്കിലും സെപ്റ്റംബറിൽ നിര്‍മ്മാണം പൂര്‍ത്തിയാകും. ഭാവിയിൽ 4000 മീറ്റര്‍വരെ നീളും പുലിമുട്ട്. 800 മീറ്റര്‍ ബെര്‍ത്തിന്റെ പയലിംഗ് പൂര്‍ത്തിയായി. ബാക്കിയുള്ളത് ബെര്‍ത്തിന്റെ സ്ലാബ് നിര്‍മ്മാണം. ഘട്ടംഘട്ടമായി ബെര്‍ത്തിന്റെ നീളം 2000 മീറ്ററാക്കും.
അന്താരാഷ്ട്ര തുറമുഖത്തിനാവശ്യമായ വമ്പൻ ക്രെയിനുകളുമായി കൂറ്റൻ കപ്പൽ സെപ്റ്റംബറിൽ വിഴിഞ്ഞത്തെത്തും. രാജ്യത്തെ തുറമുഖങ്ങളിൽ സ്ഥാപിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ക്രെയിനുകളാണ് വിഴിഞ്ഞത്തെത്തിക്കുന്ന സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകൾ. 90 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്കു തള്ളിനിൽക്കുന്നതുമായി എട്ട് സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 30 മീറ്റർ ഉയരമുള്ള 32 റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് ചൈനയിൽനിന്നു കടൽമാർഗം എത്തിക്കുന്നത്. ഏകദേശം 1500 കോടി രൂപയാണ് ക്രെയിനുകൾക്കായി മാത്രം ചെലവഴിക്കുന്നത്
തുറമുഖത്തിനകത്ത് മാത്രം ആദ്യഘട്ടത്തിൽ 650 പേര്‍ക്ക് നേരിട്ട് തൊഴിൽ. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരുലക്ഷം തൊഴിൽ അവസരങ്ങൾ.വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരു ഭാഗം ട്രാൻസ്ഷിപ്പ്മെന്റ് കാര്‍ഗോ വിഴിഞ്ഞത്തെത്തും. ടൂറിസം കേന്ദ്രമാക്കി വികസിപ്പിച്ച് ക്രൂസ് ടൂറിസം ഹബ്ബാക്കി വിഴഞ്ഞത്തെ മാറ്റാനും തുറമുഖ വകുപ്പിന് ആലോചനയുണ്ട്
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]