
തൃശ്ശൂർ :എഐ ക്യാമറ വെച്ചതില്‍ ഏറെ ദുരൂഹതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല.
എന്നാല്‍ അതിന്റെ പേരില്‍ അഴിമതി നടത്താന്‍ അനുവദിക്കില്ല. എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തന്നില്ല. എന്നാലിപ്പോള്‍ എന്റെ കൈയ്യിലുണ്ട്. രേഖകള്‍ പുറത്ത് വിടാന്‍ സര്‍ക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കില്‍ താന്‍ തന്നെ രേഖകള്‍ പുറത്തുവിടും. പദ്ധതി നടപ്പാക്കുന്ന കമ്ബനികളെ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് ആരോപിച്ച ചെന്നിത്തല കമ്ബനികള്‍ക്ക് മുന്‍പരിചയമില്ലെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പദ്ധതിക്കുള്ള തുക വര്‍ധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു.
പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്ബനിയെ ക്യാമറ വെക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍ അതിനെ താനെതിര്‍ത്തത് കൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരില്‍ നടപ്പാക്കുകയാണ്. ഈ പദ്ധതികള്‍ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത്. അന്ന് സര്‍ക്കാര്‍ ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി കൊടുക്കുന്നില്ല. സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരം നാലാഞ്ചിറയിലും ലൈറ്റ് മാസ്റ്റര്‍ ലൈറ്റ്നിങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്ബിലുള്ള പ്രസാദിയോ ടെക്നോളജീസ് എന്നീ കമ്ബനികള്‍ക്കാണ് എസ്ഐആര്‍ടി ഉപകരാര്‍ നല്‍കിയത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നാണ് ഈ ഉപകരാറില്‍ പറയുന്നത്. 30 ശതമാനം ലൈഫ് മാസ്റ്ററിനും 60 ശതമാനം പ്രസാദിയോക്കും കൊടുക്കാമെന്നാണ് ധാരണ. ഈ കമ്ബനികള്ക്കൊന്നും ഈ തരം പദ്ധതികളില്‍ യാതൊരു മുന്‍പരിചയവുമില്ല. ഈ എഗ്രിമെന്റുമായി മുന്നോട്ട് പോയപ്പോള്‍ ലൈറ്റ് മാസ്റ്റര്‍ കമ്ബനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിന്മാറി. സര്‍ക്കാര്‍ പിന്നീട് പുതിയൊരു കരാറുമായി മുന്നോട്ട് വന്നു. 232 കോടിയുടെ പദ്ധതിയാണെന്ന് പ്രഖ്യാപിച്ചു. 75 കോടിക്ക് കമ്ബനികള്‍ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോള്‍ 232 കോടിയായി. 81 കോടി രൂപ അധികം വന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
രണ്ടാമത് വര്‍ധിപ്പിച്ച തുകയ്ക്ക് കരാര്‍ വരാനുള്ള കാരണം എന്താണ്? ആരാണ് ഇതിന് പിന്നില്‍? കൊള്ളലാഭത്തിന് സ്വകാര്യ കമ്ബനിക്ക് അവസരം ഒരുക്കുകയാണ്. സര്‍ക്കാരിനും കമ്ബനികള്‍ക്കും ഈ പദ്ധതിയില്‍ മുതല്‍മുടക്കില്ല. പാവപ്പെട്ടവനെ ഞെക്കിപ്പിഴിയുന്ന പണമാണ് 20 ഇന്‍സ്റ്റാള്‍മെന്റായി മുടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ പുറത്തുവിടണം. അല്ലെങ്കില്‍ ഞാന്‍ തന്നെ അവയെല്ലാം പുറത്തുവിടും. ആദ്യത്തെ രേഖ ഞാനിപ്പോള്‍ പുറത്തുവിടുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]