
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: മാര്‍ബിള്‍ ഷോറൂമില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങിയ അഞ്ചംഗസംഘം മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. കൽപ്പറ്റ കൂളിവയലിലെ കാട്ടുമാടം മാര്‍ബിള്‍സില്‍ നിന്ന് 2,34000 രൂപ മോഷ്ടിച്ചെന്ന കേസില്‍ ഇതേ സ്ഥാപനത്തിലെ തൊഴിലാളികളും, രാജസ്ഥാന് സ്വദേശികളുമായ ശങ്കര്‍, ഗോവിന്ദന്, പ്രതാപ്, വികാസ്, രാകേഷ് എന്നിവരാണ് പിടിയിലായത്.
രാത്രി പതിനൊന്നരയോടെ ഓഫീസില്‍ പണം സൂക്ഷിച്ച ലോക്കർ തകര്‍ത്തായിരുന്നു കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് സ്ഥാപനത്തിന്റെ അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉടന്‍ ജില്ല പോലീസ് മേധാവി ആര് ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം പനമരം സി.ഐ സിജിത്ത്, എസ്.ഐ വിമല്‍ ചന്ദ്രന്, പോലീസ് രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മംഗലാപുരത്തെത്തിയതായുള്ള സൂചന ലഭിച്ചു.
വയനാട്ടില്‍ നിന്നുള്ള പോലീസ് സംഘം മംഗലാപുരം റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയും മോഷണസംഘത്തെ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയുമായിരുന്നു. മോഷണം നടത്തിയ ഉടന്‍ സംഘം ഓട്ടോറിക്ഷയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയും ട്രെയിന്‍ മാര്‍ഗം മംഗലാപുരം വഴി കടന്നു കളയാന്‍ ശ്രമിക്കുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും, മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പിടികൂടാന്‍ സാധിച്ചത്.
മൂന്ന് മാസം മുന്‍പാണ് പ്രതികള്‍ ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയതെന്നാണ് വിവരം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി പനമരം എസ് ഐ വിമല്‍ ചന്ദ്രനും സംഘവും മംഗലാപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഘത്തെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണം സംഘം കരുതുന്നത്.
പ്രതികള്‍ മറ്റു നിയമലംഘനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും മറ്റുമുള്ള വിവരങ്ങള്‍ ചോദ്യം ചെയ്യുന്നതിലൂടെ പോലീസിന് കണ്ടെത്താനാകും. സംഘം ജില്ലയില്‍ ഇതിന് മുമ്പ് മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ ജോലിക്ക് നിന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് തേടുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]