
കൊച്ചി
സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ച് കേന്ദ്രസർക്കാർ പാചകവാതകമുൾപ്പെടെ ഇന്ധനവില കുത്തനെ വീണ്ടും കൂട്ടി. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ചൊവ്വാഴ്ച 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അതിനിടെ ഉത്തര്‍പ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം നിര്‍ത്തിവച്ചിരുന്ന ഇന്ധന വില തുടർച്ചയായ രണ്ടാം ദിവസവും കൂട്ടി. ബുധനാഴ്ച പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ചൊവ്വാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 86 പൈസയും കൂട്ടിയിരുന്നു. രണ്ടുദിവസംകൊണ്ട് പെട്രോളിന് 1.77 രൂപയും ഡീസലിന് 1.70 രൂപയുമാണ് കൂട്ടിയത്.
അമ്പതുരൂപ കൂട്ടിയതോടെ സിലിണ്ടറിന് കൊച്ചിയില്‍ 906.50 ൽനിന്ന് 956.50 രൂപയായി. തിരുവനന്തപുരത്ത് 959 ഉം കോഴിക്കോട്ട് 958.50 രൂപയും കൊടുക്കണം. ഗാര്‍ഹിക പാചകവാതക കണക്ഷന് ലഭിച്ചിട്ടില്ലാത്തവരടക്കം ഏറെയുപയോഗിക്കുന്ന അഞ്ചുകിലോഗ്രാമിന്റെ സിലിണ്ടറിന് 18 രൂപയും കൂട്ടി. കൊച്ചിയില്‍ 352 രൂപയാണ് പുതിയ വില.
തുടര്‍ച്ചയായി നാലുമാസം വില കൂട്ടിയശേഷം ഒക്ടോബര്‍മുതല്‍ വിലകൂട്ടല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നേരത്തേ നാലുമാസംകൊണ്ട് 90.5 രൂപയാണ് കൂട്ടിയത്. 2021 ജൂലൈയിൽ 25.5 രൂപയും ആഗസ്തിൽ 25 രൂപയും 14 ദിവസത്തിനുശേഷം സെപ്തംബർ ഒന്നിന് വീണ്ടും 25 രൂപയും കൂട്ടി. 11 മാസത്തിൽ 11 തവണയായി 305.5 രൂപ വർധിപ്പിച്ചാണ് കോവിഡ് കാലത്ത് ജനങ്ങളെ പിഴിഞ്ഞത്.
തിരുവനന്തപുരത്ത് 106.36 രൂപയായിരുന്ന പെട്രോളിന് 108.13 ആയും 93.47 രൂപയായിരുന്ന ഡീസലിന് 95.03 ആയും ഉയര്‍ന്നു. പെട്രോളിനും ഡീസലിനും യഥാക്രമം കൊച്ചിയില്‍ 105.94, 93.11, കോഴിക്കോട് 106.24, 93.31 രൂപയുമാണ് പുതിയ വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]