
ന്യൂഡൽഹി
പെട്രോളിയം ഉൽപ്പന്നങ്ങളിൽ അധിക നികുതി ചുമത്തി ജനങ്ങളെ പിഴിയുന്ന കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് നികുതി വരുമാനത്തിൽ വൻ ഇടിവ്. പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നുള്ള അധിക കേന്ദ്രനികുതി വരുമാനം ഒരുലക്ഷം കോടി വർധിച്ചപ്പോൾ കോർപറേറ്റ് നികുതി പിരിവ് രണ്ടുലക്ഷം കോടി കുറഞ്ഞെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു.
കോർപറേറ്റുകൾക്ക് നൽകിയ വമ്പൻ നികുതിയിളവാണ് വരുമാനം ഇത്രയും കുറച്ചത്. 2018–-19 വർഷത്തിൽ 6,63,571.62 കോടി രൂപയായിരുന്നു കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് നികുതി വരുമാനം. 2020–- -21ൽ രണ്ട് ലക്ഷം കോടിയോളം കുറഞ്ഞ് 4,57,718.97 കോടിയായി. 31 ശതമാനത്തിന്റെ കുറവ്. 2018––19ൽ ജിഡിപിയുടെ 3.51 ശതമാനം ആയിരുന്ന കോർപറേറ്റ് നികുതി, 2020–21ൽ വെറും 2.32 ശതമാനമായി കുറഞ്ഞു. അതേസമയം, സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നുള്ള അധിക നികുതിയിനത്തിൽനിന്നുള്ള വരുമാനം 2020-–-21ൽ നാലരലക്ഷം കോടിയായി വർധിച്ചു.
2018––19ൽ മൂന്നരലക്ഷം കോടിയിൽ താഴെ ആയിരുന്നതിൽനിന്നാണ് ഈ വർധന. 1.07 ലക്ഷം കോടിയുടെ വർധന. വി ശിവദാസന്റെ ചോദ്യത്തിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]