
കൊച്ചി
ഇരുപത്തിമൂന്നര സെന്റും രണ്ട് വീടും കെ -റെയിലിന് സന്തോഷത്തോടെ വിട്ടുകൊടുക്കാൻ തയ്യാറാണ് മാമല മുരിയമംഗലം മോളത്തുവീട്ടിൽ സജിലും അച്ഛൻ ശിവനും. സജിലിന്റെ അമ്മ രമയും ഭാര്യ വീണയുമെല്ലാം ഈ തീരുമാനത്തിനൊപ്പമാണ്. കേരളം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്ന അഭിപ്രായക്കാരനാണ് എം എസ് സജിൽ.
‘ജനിച്ചുവളർന്ന വീട് വിട്ടുകൊടുക്കുന്നത് എല്ലാവർക്കും വിഷമമുണ്ടാക്കും. എന്നാൽ, നാടിന് ഗുണമുള്ള പദ്ധതിക്ക് ഒപ്പംനിൽക്കാനാണ് തീരുമാനം. എല്ലാ തടസ്സങ്ങളും അതിജീവിച്ചാണ് ദേശീയപാതാ വികസനവും മെട്രോയുമെല്ലാം വന്നത്. ഇതുപോലെ സിൽവർ ലൈനും യാഥാർഥ്യമാകും. പദ്ധതിയെക്കുറിച്ചും നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചുമെല്ലാം സർക്കാർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിഷേധമുയർത്തേണ്ട കാര്യമില്ല. നടക്കേണ്ട കാര്യംതന്നെയാണ് ഇത്’–- സജിൽ പറഞ്ഞു.
ടിപ്പർലോറി ഓടിച്ചും പക്ഷികളെ വളർത്തിയുമാണ് സജിലും ശിവനും കുടുംബം പുലർത്തുന്നത്. ആറും ഒന്നും വയസ്സുള്ള മക്കളെയും അവരെപ്പോലെ ഓമനകളായ പക്ഷികളെയും പുതിയ സ്ഥലത്തേക്ക് മാറ്റണം. അയൽക്കാരായ നിരവത്തുവീട്ടിൽ കലാദേവിയും പെയിന്റിങ് തൊഴിലാളി ചെത്തിമറ്റത്തിൽ ശ്രീകുമാറും മഠത്തിപ്പറമ്പുവീട്ടിൽ ഗീത ശശിയും ഭർത്താവിന്റെ അമ്മ തങ്കമ്മയുമെല്ലാം പദ്ധതിക്ക് സ്ഥലം നൽകാൻ തയ്യാറാണ്. ‘ഓർമകൾ ഉറങ്ങുന്ന വീടും സ്ഥലവുമെല്ലാം വിട്ടുപോകുമ്പോൾ വിഷമം കാണും. എന്നാൽ, ഇതുപോലെ നല്ല സ്ഥലം കണ്ടെത്താനുള്ള നഷ്ടപരിഹാര പാക്കേജ് ഉള്ളതുകൊണ്ടാണ് മാറാൻ തയ്യാറായത്. സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്’–- അവരും പറയുന്നു.
പ്രതിഫലം ഉറപ്പ്;
വികസനം വേണം
സിൽവർ ലൈനിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ യുഡിഎഫ് കൂട്ടുമുന്നണിയുണ്ടാക്കി എൽഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്യുമ്പോഴും സ്ഥലം വിട്ടുകൊടുക്കുന്നവർ പദ്ധതിക്കൊപ്പം. വിട്ടുകൊടുക്കുന്ന സ്ഥലത്തിനും കെട്ടിടത്തിനും വൃക്ഷങ്ങൾക്കുമുൾപ്പെടെ മതിയായ വില നൽകുമെന്നാണ് കെ റെയിൽ വ്യക്തമാക്കിയത്. സ്വന്തം സ്ഥലം വിട്ടുകൊടുക്കാനും മാറിത്താമസിക്കാനും ആദ്യം ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും മികച്ച പ്രതിഫലവും ഭാവിക്കുള്ള പദ്ധതിയെന്ന നേട്ടവും കാണണമെന്നാണ് സ്ഥല ഉടമകൾ പറയുന്നത്. പലരും കെ റെയിലിനോട് നേരിട്ട് അനുകൂല സമീപനം അറിയിച്ചു.
എറണാകുളം മാമലയിൽ ശിവന്റെ പറമ്പിൽ രണ്ട് കുറ്റിയാണ് കെ റെയിൽ സ്ഥാപിച്ചത്. ആകെയുള്ള 22 സെന്റ് കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ അലൈൻമെന്റിലാണ്. എന്നിട്ടും സന്തോഷത്തോടെ കല്ലിടാൻ അനുമതി നൽകി. ശിവനും പറയുന്നത് ‘നാടിന്റെ വികസനപ്രക്രിയയിൽ അഭിമാനപൂർവം പങ്കുചേരുക, വിട്ടുകൊടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം കൃത്യസമയത്ത് കിട്ടുമെന്ന് ഉറപ്പുണ്ട്’. നാടാകെ ഇത്തരം സന്ദേശം പരക്കുന്നതോടെ വികസനവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്ക് പത്തി മടക്കേണ്ടി വരുമെന്നും സ്ഥല ഉടമകൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]