
കീവ്
തിങ്കൾ അർധരാത്രിയോടെ കീഴടങ്ങണമെന്ന അന്ത്യശാസനം നിരാകരിച്ചതോടെ ഉക്രയ്ൻ തുറമുഖ നഗരം മരിയൂപോളിൽ ആക്രമണം രൂക്ഷമാക്കി റഷ്യ. ചൊവ്വാഴ്ച നഗരത്തിൽ രണ്ടിടത്ത് ബോംബിട്ടു. ഒരാഴ്ചയ്ക്കിടെ നഗരത്തിലെ തിയറ്റർ, ആർട്ട് സ്കൂൾ എന്നിവയും മറ്റ് പൊതുസ്ഥാപനങ്ങളും തകർത്തു. നഗരത്തിൽ ഇപ്പോഴും ലക്ഷങ്ങള് ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുകയാണെന്ന് ഇറ്റാലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യവെ ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു.മാർപാപ്പയുമായി സംസാരിച്ച സെലൻസ്കി സമാധാന ശ്രമങ്ങൾക്ക് മാധ്യസ്ഥം വഹിക്കണമെന്ന് ആവശ്യപ്പെട്ടു.
മരിയൂപോളിന്റെ പാതിയും കൈയടക്കിയെന്നും ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി. മരിയൂപോളിൽ ഉക്രയ്ൻ മാധ്യമപ്രവർത്തകനെ റഷ്യൻ പട്ടാളം അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. അതേസമയം, കീവ് അതിർത്തിയിലുള്ള തന്ത്രപ്രധാന മേഖലയായ മകരിവ് തിരികെ പിടിച്ചതായി ഉക്രയ്ൻ അവകാശപ്പെട്ടു. കീവിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളായ ബുഷ, ഹോസ്തോമൽ, ഇർപിൻ മേഖലകൾ റഷ്യ ഭാഗികമായി പിടിച്ചെടുത്തു.
യുദ്ധത്തിൽ ഇതുവരെ 953 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് യുഎൻ കണക്ക്. റഷ്യക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെന്നും പുടിൻ പ്രതിരോധത്തിലായെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
യുഎസുമായി നയതന്ത്ര ബന്ധം
വിച്ഛേദിക്കുമെന്ന് റഷ്യ
അമേരിക്കയുമായുള്ള ബന്ധം വിള്ളലിന്റെ വക്കിലെന്ന് റഷ്യ. പ്രസിഡന്റ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നടപടിയാണ് റഷ്യയെ പ്രകോപിപ്പിച്ചത്. മോസ്കോയിലെ അമേരിക്കൻ സ്ഥാനപതി ജോൺ സള്ളിവനെ വിളിച്ചുവരുത്തി പ്രതിഷേധം ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]