
ഹാമിൽട്ടൺ
നിർണായകമത്സരത്തിൽ ബംഗ്ലാദേശിനെ 110 റണ്ണിന് തകർത്ത് ഇന്ത്യ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സെമിസാധ്യത സജീവമാക്കി. അഞ്ചിൽ മൂന്നു കളി ജയിച്ച ഇന്ത്യ ആറ് പോയിന്റുമായി മൂന്നാമതാണ്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാനത്തെ കളി. സ്നേഹ്റാണയുടെ ഓൾറൗണ്ട് മികവാണ് അനിവാര്യ ജയമൊരുക്കിയത്.
സ്കോർ: ഇന്ത്യ 7–-229, ബംഗ്ലാദേശ് 119 (40.3).
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കം നൽകി. സ്മൃതി മന്ദാനയും (30) ഷഫാലി വർമയും (42) ചേർന്ന് 74 റണ്ണടിച്ചു. ക്യാപ്റ്റൻ മിതാലിരാജ് ആദ്യപന്തിൽ മടങ്ങി. യസ്തിക ഭാട്യ 50 റണ്ണെടുത്ത് സ്കോർ ഉയർത്തി. ഹർമൻപ്രീത് കൗറും (14) റിച്ചാഘോഷും (26) വൈകാതെ മടങ്ങി. സ്നേഹ്റാണ 27 റൺ നേടിയപ്പോൾ പൂജാ വസ്ത്രാകർ 30 റണ്ണുമായി പുറത്താകാതെ നിന്നു. നാല് വിക്കറ്റ് നേടിയ സ്പിന്നർ സ്നേഹ്റാണയാണ് കളിയിലെ താരം. ജുലൻഗോസാമിക്കും പൂജയ്ക്കും രണ്ട് വിക്കറ്റുവീതമുണ്ട്. ബാറ്റിങ് തകർച്ച നേരിട്ട ബംഗ്ലാദേശ് ഒരിക്കലും വിജയത്തിലേക്ക് ബാറ്റേന്തിയില്ല. 35 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ബംഗ്ലാദേശിനായി സൽമ ഖാട്ടുൺ 32 റൺ നേടി.
മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ തുടർച്ചയായി ആറാംവിജയം ആഘോഷിച്ചു. 12 പോയിന്റുള്ള ഓസീസ് സെമിയിലെത്തിയതാണ്. പോയിന്റുനിലയിൽ ഒപ്പമുള്ള വിൻഡീസ് നാളെ ദക്ഷിണാഫ്രിക്കയോട് തോറ്റാൽ ഇന്ത്യ സെമി ഉറപ്പിക്കും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]