
അമ്പലപ്പുഴ∙ ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. നാലുപേർ തിരുവനന്തപുരം സ്വദേശികളും ഒരാൾ കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയുമാണ്. തിരുവനന്തപുരം ആലത്തൂർ യേശുദാസിന്റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിൻകര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), കൊല്ലം മൺട്രോത്തുരുത്ത് അനു നിവാസിൽ രാധാമണിയുടെ മകൻ അമൽ (28), തിരുവനന്തപുരം മുട്ടട അഞ്ജനയിൽ ചാക്കോയുടെ മകൻ സുമോദ് എന്നിവരാണ് മരിച്ചത്.
ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറിൽ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി വന്ന ലോറി ഇടുകയായിരുന്നു. നാലുപേർ സംഭവ സ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഐഎസ്ആർഒയിലെ കണ്ടിജൻസി ജീവനക്കാരായ ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ പോയതായിരുന്നു. അമലാണ് ആശുപത്രിയിൽ മരിച്ചത്.
സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആലപ്പുഴ, തകഴി യൂണിറ്റുകളിലെ ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഏറെ നേരം ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാർ പൂർണമായി തകർന്നു. കാർ ലോറിയിലേക്ക് ഇടിച്ചു കയറിയതാണെന്ന് പ്രാഥമിക നിഗമനം. മേൽപാലത്തിൽ പലയിടത്തുമുള്ള കുഴികൾ മുൻപ് അപകടങ്ങൾക്ക് കാരണമായിരുന്നു. പാലത്തിൽ വഴിവിളക്കുകളുമില്ല.
The post അമ്പലപ്പുഴ ദേശീയപാതയില് കാറും ലോറിയും കൂട്ടിയിടിച്ചു; 5 യുവാക്കൾക്ക് ദാരുണാന്ത്യം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]