
സ്വന്തം ലേഖകൻ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ പിവി ശ്രീനിജിൻ എംഎൽഎയുടെ നടപടിയെ തള്ളി സംസ്ഥാന സ്പോർട്സ് കൗൺസിൽ. ബ്ലാസ്റ്റേഴ്സ് വാടക കുടിശ്ശിക നൽകാനില്ലെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി പറഞ്ഞു.
ഏപ്രിൽ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്. സ്റ്റേഡിയം ഉപയോഗിക്കാനുള്ള അവകാശം കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. ബ്ലാസ്റ്റേഴ്സുമായി കൃത്യമായ കരാറുണ്ട്. ട്രയൽസ് നടത്താൻ പ്രത്യേക അനുമതി തേടേണ്ട ആവശ്യമില്ല. കുട്ടികളെ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയിട്ടത് മോശമായ നടപടിയാണെന്നും യു ഷറഫലി പറഞ്ഞു.
സ്പോർട്സ് കൗൺസിലിന് വാടക നൽകിയില്ലെന്ന് ആരോപിച്ചാണ് സിപിഎം നേതാവും എംഎൽഎയുമായ പിവി ശ്രീനിജൻ കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞത്. അണ്ടർ 17 സെലക്ഷൻ ട്രയൽ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്കൂളിന്റെ ഗേറ്റ് എംഎൽഎ അടച്ചു പൂട്ടുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് കുട്ടികളാണ് സെലക്ഷൻ ട്രയൽസിനായി എത്തിയത്. രാവിലെ സ്കൂളിലെത്തിയപ്പോഴാണ് സ്കൂൾ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്. ഇതോടെ സെലക്ഷൻ ട്രയൽസിനെത്തിയ കുട്ടികളും അവരുടെ രക്ഷിതാക്കളും ഗേറ്റിന് പുറത്ത് നിൽക്കേണ്ട അവസ്ഥയായി.
സംഭവം വിവാദമായതോടെ കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരെത്തി സ്കൂളിന്റെ ഗേറ്റ് തുറന്നു. സ്കൂൾ കൊച്ചി കോർപ്പറേഷന് കീഴിലാണെന്നും, എംഎൽഎ ഇല്ലാത്ത അധികാരമാണ് കാണിച്ചതെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. വിവരം അറിഞ്ഞ കായികമന്ത്രിയും വിഷയത്തിൽ ഇടപെട്ടിരുന്നു.
The post ബ്ലാസ്റ്റേഴ്സ് വാടക കുടിശ്ശിക നല്കാനില്ല, ഗേറ്റ് പൂട്ടിയത് മോശം; പിവി ശ്രീനിജിനെ തള്ളി യു ഷറഫലി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]