
ബീജിങ്
ചൈനയിൽ കുൻമിങ്ങിൽനിന്ന് ഗുവാങ്ഷുവിലേക്ക് 132 പേരുമായി പോയ യാത്രാവിമാനം തകർന്നുവീണു. വുഷോ നഗരത്തിലെ തെങ്ഷിയൻ കൗണ്ടിയിലുള്ള മൊലങ് ഗ്രാമത്തിലാണ് ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനം തിങ്കളാഴ്ച പകൽ 2.38ന് തകർന്നുവീണത്. ഗുവാങ്സി ഷുവാങ് പ്രവിശ്യയിലാണിത്. വിമാനം തകർന്നുവീണ പർവതത്തിൽ തീപിടിത്തമുണ്ടായി.
വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ചൈനീസ് വ്യോമയാന മന്ത്രാലയം അറിയിച്ചു. തീകെടുത്തിയാതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അടിയന്തര പ്രതികരണ വിഭാഗം അറിയിച്ചു. വുഷോ അഗ്നിശമന സേനയിലെ 117 പേരും 23 ട്രക്കുകളും രക്ഷാപ്രവർത്തനത്തിനുണ്ട്. 538 അഗ്നിശമന സേനാംഗങ്ങൾകൂടി ഉടൻ എത്തും.
സംഭവത്തിൽ ഷീ ജിൻ പിങ് അന്വേഷണം പ്രഖ്യാപിച്ചു. ചൈനയിലെ മൂന്ന് പ്രധാന എയർലൈൻസുകളിൽ ഒന്നാണ് ചൈന ഈസ്റ്റേൺ. ഫെബ്രുവരി 19ന് ആണ് ഇവർ തുടർച്ചയായി 10 കോടി മണിക്കൂർ സുരക്ഷിതമായ വിമാനയാത്രയെന്ന റെക്കോഡ് നേടിയത്. 12 വർഷം മുമ്പ് ഹെയിലോങ്ഷിയാങ് പ്രവിശ്യയിലെ യിചുനിൽ ഹെനൻ എയർലൈൻസിന്റെ വിമാനം തകർന്ന് 42 പേർ കൊല്ലപ്പെട്ടതാണ് ഇതിനു മുമ്പ് ചൈനയിലുണ്ടായ വലിയ വിമാന അപകടം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]