
തിരുവനന്തപുരം
രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ തമ്മിലടിക്കിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിടാൻ രമേശ് ചെന്നിത്തല നിർദേശിക്കുന്ന ഓഡിയോ പുറത്ത്. ചെന്നിത്തലയ്ക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പോസ്റ്റിട്ടതിന് തിരിച്ചടിയായാണ് ഇത്. ശബ്ദസന്ദേശം നിഷേധിക്കാൻ ചെന്നിത്തല തയ്യാറായിട്ടില്ല. ഇതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശവുമായെത്തി. പാർടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി. ചെന്നിത്തല പണം നൽകി സ്വകാര്യ ഓൺലൈൻ ചാനൽ വഴി കെ സി വേണുഗോപലിനെതിരെ ആക്ഷേപം പ്രചരിപ്പിക്കുകയാണെന്നായിരുന്നു പഴകുളത്തിന്റെ പോസ്റ്റ്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരാതിയും നൽകി. ഫ്ലാറ്റിനുവേണ്ടിയാണെങ്കിൽ ബിഗ് ബോസിൽ പോകാമായിരുന്നെന്ന് ജെബി മേത്തർക്ക് സീറ്റ് നൽകിയതിനു പിന്നാലെ കെഎസ്യു വൈസ് പ്രസിഡന്റ് സ്നേഹ ഇട്ട പോസ്റ്റും പിൻവലിച്ചിട്ടില്ല. എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്നാണ് ഇരുവരുടെയും പ്രതികരണം. നേതാക്കളുടെ പേരിലുള്ള ‘ബ്രിഗേഡുകൾ’ തമ്മിൽ പൊരിഞ്ഞ യുദ്ധമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
എം ലിജുവിനെ വെട്ടി ജെബി മേത്തർക്ക് സീറ്റ് നൽകിയതിൽ എ ഗ്രൂപ്പ് ഒഴികെ എല്ലാവരും അസ്വസ്ഥരാണ്. കെ സി വേണുഗോപാലും വി ഡി സതീശനും ചേർന്നാണ് ജെബി മേത്തറെ സ്ഥാനാർഥിയാക്കിയതെന്ന ആരോപണം ശക്തമായി. ലിജുവിന് സീറ്റ് നിഷേധിച്ചതിനെതിരെ കെ സുധാകരൻ അതൃപ്തി അറിയിച്ചെങ്കിലും അത് കണക്കിലെടുക്കേണ്ടെന്നാണ് എഐസിസി നേതൃത്വം.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലോ നിർവാഹക സമിതിയിലോ രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എം ലിജുവിനുവേണ്ടി ഹൈക്കമാൻഡിനു മുന്നിൽ കെ സുധാകരൻ പോയതിനെതിരെയും വികാരം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source