പാലക്കാട് അട്ടപ്പാടി മുള്ളിയില്‍ നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച് തമിഴ്നാട് വനം വകുപ്പ്.
വന്യമൃഗങ്ങള്‍ സ്ഥിരമായുള്ള മേഖലായതിനാല്‍ സഞ്ചാരികളെ അനുവദിക്കാനാവില്ലെന്ന് കോയമ്പത്തൂര്‍ ഡിഎഫ്ഒ അശോക് കുമാര്‍ പറഞ്ഞു . വിനോദ സഞ്ചാരികളടക്കം പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണ് മുള്ളി-ഊട്ടി റോഡ്.
അട്ടപ്പാടി മുള്ളി ചെക്ക് പോസ്റ്റില്‍ നിന്നും തമിഴ്നാട് വനമേഖലയിലൂടെ മഞ്ചൂര്‍ വഴി ഊട്ടിക്ക് പോകുന്ന പാതയിലാണ് തമിഴ്നാട് വനം വകുപ്പ് യാത്രാവിലക്ക് നടപ്പാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് 60 കിലോമീറ്റര്‍ മാത്രമാണ് ഈവഴിയുള്ള ദൂരമെന്നതിനാല്‍ വിനോദ സഞ്ചാരികളില്‍ പലരും ഈ റോഡാണ് യാത്രക്കായി തെരഞ്ഞെടുക്കാറുള്ളത്. ഉച്ചയോടെയാണ് കോയമ്പത്തൂര്‍ ഡിഎഫ്ഒ അശോക് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം യാത്രക്കാരെ തടഞ്ഞത്. വിനോദ സഞ്ചാരികളെ മാത്രമാണ് തടയുന്നതെന്നും തദ്ദേശീയര്‍ക്ക് യാത്രാവിലക്കില്ലെന്നുമാണ് വിശദീകരണം
വിനോദ സഞ്ചാരികളെ കടത്തിവിടരുതെന്ന് കഴിഞ്ഞയാഴ്ച്ച കേരളാ പൊലീസ് ഔട്ട് പോസ്റ്റില്‍ തമിഴ്നാട് അറിയിച്ചിരുന്നു. സംസ്ഥാന തലത്തില്‍ തീരുമാനമില്ലാത്തതിനാല്‍ നടപ്പാക്കാനാവില്ലെന്ന് കേരളാ പൊലീസ് മറുപടിയും നല്കി. പിന്നാലെയാണ് ഇന്ന് യാത്രക്കാരെ തടഞ്ഞത്. സംഭവം അറിഞ്ഞതിന് പിന്നാലെ തമിഴ്നാടുമായി ബന്ധപ്പെട്ടുവരികയാണെന്ന് പാലക്കാട് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.