
സ്വന്തം ലേഖകൻ
ആഗ്ര: ആയിരം രൂപ കൈക്കൂലി നല്കാനില്ലാതെ വന്നതിന് പിന്നാലെ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശനം ലഭിക്കാതെ നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ട ഗതികേടില്‍ യുവതി.
ഉത്തര്‍ പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ദിവസ വേതനക്കാരിയായ 25കാരിയാണ് 1000 രൂപ കൈക്കൂലി നല്കാനില്ലാതെ വന്നതിന് പിന്നാലെ റോഡില്‍ പ്രസവിക്കേണ്ടി വന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രചാരണത്തെ അടിസ്ഥാനമാക്കി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുമന് ദേവി എന്ന 25കാരിക്ക് റോഡിലൂടെ വന്ന സ്ത്രീകള്‍ പ്രസവ ശ്രുശ്രൂഷ ചെയ്യുന്നതും സാരി അടക്കമുള്ളവ ഉപയോഗിച്ച് താല്‍ക്കാലിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് പ്രസവിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സുമനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാനും ചികിത്സ ലഭ്യമാക്കാനും അധികൃതര്‍ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ഇവരുടെ ഭര്‍ത്താവും 30കാരനുമായ ബബ്ലു സിംഗ് ആരോപിക്കുന്നത്.
നാട്ടുകാരായ സ്ത്രീകളൊരുക്കിയ താല്‍ക്കാലിക സജ്ജീകരണത്തില്‍ ആണ്‍കുട്ടിക്കാണ് സുമന് ജന്മം നല്‍കിയത്. ഇഗ്ലസിലെ പ്രാഥമിക കമ്യൂണിറ്റി സെന്ററിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിട്ടുള്ളത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സിഎച്ച്സി ഇന്‍ചാര്‍ജ് രോഹിത് ഭാട്ടി ശനിയാഴ്ച മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്. ആരോപണം രൂക്ഷമായതിന് പിന്നാലെ ജില്ലാ അധികൃതരും സിഎച്ച്സി സന്ദര്‍ശിച്ചിരുന്നു. അന്വേഷണ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെ മൊഴി ഇതിനോടകം എടുത്തിട്ടുണ്ട്. സുമന് ദേവിയെ ഇതിനോടകം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വിശദമാക്കി.
മെയ് ആദ്യവാരത്തില്‍ സമാനമായ സംഭവം മധ്യപ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസവവേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതി ആരും സഹായിക്കാനില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് പരസ്യമായി പ്രസവിക്കുകയായിരുന്നു. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ തന്റെ ഭാര്യയെ അകത്ത് കയറ്റാനോ, വേണ്ട ചികിത്സാസൗകര്യങ്ങളും പരിചരണവും നല്‍കാനും ആശുപത്രി ജീവനക്കാരോ ഡോക്ടര്‍മാരോ നഴ്സുമാരോ ആരും തയ്യാറായില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നത്. മധ്യപ്രദേശിലെ ശിവ്പുരിയിലായിരുന്നു സംഭവം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]