
സ്വന്തം ലേഖകൻ
കോട്ടയം : കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്റെ ഡയറക്ടറായി നടന് ജിജോയ് പി ആറിനെ നിയമിച്ചു. ചലച്ചിത്ര-നാടക പ്രവര്‍ത്തകനും നടനും ആയ ജിജോയ്, പൂനൈ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. ജാതി അധിക്ഷേപ വിവാദത്തെത്തുടര്‍ന്ന് ശങ്കര്‍ മോഹന്‍ രാജി വെച്ച ഒഴിവിലേക്കാണ് ജിജോയ് നിയമിതനായിരിക്കുന്നത്.
കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണ് വിഖ്യാത ചലച്ചിത്രകാരന് സയീദ് മിര്‍സയെ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെയുള്ള പുതിയ ഡയറക്ടര്‍ നിയമനമെന്ന് മന്ത്രി ആര് ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്സില്‍ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്ന് റാങ്കോടെ ഡ്രാമ ആന്‍ഡ് തിയേറ്റര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്.
അമ്പത്തഞ്ച് ചലച്ചിത്രങ്ങളിലും നാല്പത് നാടകങ്ങളിലും ഇരുപത്തഞ്ച് ഹ്രസ്വചിത്രങ്ങളിലും പത്ത് സീരിയലുകളിലും അഭിനയിച്ചു. നാല് വന്‍കരകളിലായി നാന്നൂറ് അന്താരാഷ്ട്ര നാടകമേളകളില്‍ അഭിനേതാവായി പങ്കാളിയായി. നാലു വര്‍ഷക്കാലം സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ അധ്യാപകനുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാര സ്കോളര്‍ഷിപ്പും നേടിയിട്ടുള്ള ജിജോയ് 2014 മുതല്‍ എഫ്.ടി.ഐ.ഐ അധ്യാപകനാണ്. ഇന്ത്യക്കകത്തും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും അഭിനയ ശില്പശാലകള് നയിച്ചതടക്കം അന്താരാഷ്ട്രതലത്തില്‍ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിനും ചലച്ചിത്രപഠിതാക്കള്‍ക്കും മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]