

സാൻഹോസെ: തിലോപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ടു. കാലിഫോർണിയയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ബാക്ടീരിയ അണുബാധയാണ് നിർഭാഗ്യകരമായ അവസ്ഥയ്ക്ക് കാരണമായതെന്നാണ് വിവരം. മത്സ്യം വേണ്ടവിധം വേവിക്കാതെയാണ് കഴിച്ചതെന്നും യുവതിയുടെ സുഹൃത്തുക്കൾ പറയുന്നു.
40 വയസുള്ള ലോറ ബരാജാസിന്റെ കൈകാലുകളാണ് സ്വാധീനമില്ലാത്ത അവസ്ഥയിലായത്. മാസങ്ങൾക്ക് മുമ്പായിരുന്നു ഇവർ തിലോപ്പിയ മീൻ കഴിച്ചത്. തുടർന്ന് അവശനിലയിലായ ഇവർ നാളുകളോളം ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
സാൻ ഹോസിലെ പ്രാദേശിക മാർക്കറ്റിൽ നിന്നായിരുന്നു യുവതി തിലോപ്പിയ വാങ്ങിയത്. ഇത് വീട്ടിലേക്ക് എത്തിച്ച് പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയായിരുന്നു ദുരനുഭവം. കോമയിലേക്ക് പ്രവേശിച്ച യുവതിയുടെ കൈകാലുകൾ കറുപ്പ് നിറമായി മാറിയിരുന്നു. വൃക്കകളുടെ പ്രവർത്തനവും തകരാറിലായി.
അസംസ്കൃത സമുദ്രവിഭവങ്ങളിലും കടലിലും സാധാരണയായി കണ്ടുവരുന്ന അപകടകാരിയായ ബാക്ടീരിയ വിബ്രിയോ വൾനിഫിക്കസാണ് യുവതിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചത്. ഇത്തരം ബാക്ടീരിയകൾക്ക് ഇരയാകാതിരിക്കാൻ കടൽവിഭവങ്ങൾ സൂക്ഷ്മമായി പാകം ചെയ്ത് കഴിക്കേണ്ടത് അനിവാര്യമാണ്.