
സ്വന്തം ലേഖകൻ
കോട്ടയം: ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
കോട്ടയത്തെ പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കേരള രാഷ്ട്രീയത്തിന്റെ സിംഹാസനത്തിലേക്ക് കുതിച്ചു കയറിയ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
അഞ്ചു പതിറ്റാണ്ട് പിന്നിട്ടപ്പോഴും പുതുമ നഷ്ടപ്പെടാത്തൊരു പാരസ്പര്യമായിരുന്നു ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും തമ്മിൽ. സംസ്ഥാന രാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് പടര്‍ന്നു കയറാൻ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന് അടിത്തറ പാകിയത് പുതുപ്പള്ളിയിലെ ജനങ്ങള്‍ ജനനായകന് ചങ്കും കരളും പകുത്ത് നൽകിയ സ്നേഹം.
തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം.
രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.
ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷ തെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടി.
അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്കാരവുമെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്.
സോണിയാ ഗാന്ധി അടക്കമുള്ള ദേശിയ നേതാക്കളുമായി വരെ അടുപ്പമുള്ള രാഷ്ട്രീയക്കാരൻ. എന്നാല്‍ മനസ്സുകൊണ്ടെന്നും അദ്ദേഹം എന്നും പുതുപ്പള്ളിക്കാരൻ ആയിരുന്നു. സ്വന്തം നാടിനെ നിസ്വാര്‍ത്ഥമായി സ്നേഹിച്ച വ്യക്തി. അതുകൊണ്ട് തന്നെയാണ് തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ അദ്ദേഹത്തിന് വിജയിക്കാനായത്.
അതുകൊണ്ട് തന്നെയാണ് 1970 ല്‍ തനിക്ക് ആദ്യമായി വോട്ടു ചെയ്ത പുതുപ്പള്ളിക്കാരുടെ മക്കളിലേക്കും പേരക്കുട്ടികളിലേക്കും അവരുടെ മക്കളിലേക്കും വേരുപടര്‍ത്തിയൊരു വ്യക്തി ബന്ധമായി മാറാൻ അദ്ദേഹത്തിന് സാധിച്ചത്.
സംസ്ഥാന രാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് വളര്‍ന്നു കയറാനുള്ള ഉമ്മൻ ചാണ്ടിയുടെ അടിത്തറ പാകിയത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ വളര്‍ച്ചയുടെ കൊടുമുടി കയറുമ്ബോഴും ജന്മനാടുമായും നാട്ടുകാരുമായുള്ള ഹൃദയബന്ധം അദ്ദേഹം കൂടുതല്‍ മിഴിവോടെ സൂക്ഷിച്ചു.
അഞ്ചു പതിറ്റാണ്ട് പിന്നിട്ടപ്പോഴും പുതുമ നഷ്ടപ്പെടാത്തൊരു പാരസ്പര്യമായിരുന്നു ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രബലരായ നേതാക്കളില്‍ ഒരാളായി വളര്‍ന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നായിരുന്നു ആ യാത്രകളത്രയും തുടങ്ങിയതും അവസാനിപ്പിച്ചതും.
പുതുപ്പള്ളി എംഎല്‍എയില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് വളര്‍ന്നപ്പോഴും തലസ്ഥാനത്തൊരു പുതുപ്പള്ളി ഹൗസ് തുറന്ന് ഉമ്മൻ ചാണ്ടി ജന്മനാടിനെ കൂടെക്കൂട്ടി.
പാവപ്പെട്ടവരുടെ ആശ്രയമായിരുന്നു ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി. ഏതുപാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താവുന്ന സ്വാതന്ത്ര്യത്തിന്റെമറുപേരായിരുന്നു പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മൻ ചാണ്ടി. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ചയെന്നൊരു ദിവസമുണ്ടെങ്കില്‍ കാരോട്ട് വള്ളക്കാലിലെ വീട്ടില്‍ കുഞ്ഞൂഞ്ഞുണ്ടാവുമെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും അന്നൊരു പരിഹാരം കാണുമെന്നുമുള്ള ഉറപ്പിലായിരുന്നു ശരാശരി പുതുപ്പള്ളിക്കാരന്റെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തെ ജീവിതവും.
അതുകൊണ്ടു തന്നെയാണ് 1970 നും നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി മാറി വന്നിട്ടും ഉമ്മൻ ചാണ്ടിയല്ലാതൊരു പേര് പുതുപ്പള്ളിക്കാരുടെ മനസിലേക്കു കയറാതിരുന്നതും. പുതുപ്പള്ളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ഉമ്മൻ ചാണ്ടി ആലോചിക്കാതിരുന്നതും. പുതുപ്പള്ളിക്കാര്‍ക്കൊപ്പം പുതുപ്പള്ളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന ചിന്തയായിരുന്നു പ്രതിസന്ധി കാലങ്ങളിലെല്ലാം ഉമ്മൻ ചാണ്ടിയുടെ ആത്മവിശ്വാസം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]