കൊച്ചി: അരനൂറ്റാണ്ടിന്റെ നിയമസഭാംഗത്വത്തിന്റെ നിറവ് കടന്ന ഉമ്മൻ ചാണ്ടി.
നിരവധി സഹയാത്രികര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ആര്യാടൻ മുഹമ്മദ്. ആര്യാടനും ഉമ്മൻ ചാണ്ടിയുമായി ചേര്‍ന്ന് നിന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ന് ആര്യാടനും നമ്മോടൊപ്പമില്ല.
ഉമ്മൻ ചാണ്ടി നിയമസഭാ അംഗത്വത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട സമയത്ത് ആര്യാടൻ കുറിച്ച വാക്കുകളുണ്ട്. എന്താണ് ഉമ്മൻ ചാണ്ടിയെന്നും എന്തായിരുന്നു ആ മനസ്സെന്നും വിശദീകരിക്കുന്ന കുറിപ്പ്. ഈ പഴയ കുറിപ്പില്‍ എല്ലാം ഉണ്ട്. ആരായിരുന്നു ഉമ്മൻ ചാണ്ടിയെന്ന വസ്തുത.
ആര്യാടൻ മൂന്ന് കൊല്ലം മുമ്ബ എഴുതിയ കുറിപ്പ് ഇങ്ങനെ….
ആര്യാടൻ മുഹമ്മദിനും അന്ന് ഒത്തിരി പറയാനുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുമായി 55 വര്‍ഷമായി തുടരുന്ന ആത്മബന്ധമാണ് എനിക്കുള്ളത്. ഇത്ര കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു രാഷ്ട്രീയ നേതാവിനെ കേരളത്തില്‍ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്ന് രണ്ട് തവണ കേരളത്തില്‍ ജനപ്രിയ ഭരണം നടത്തിയ മുഖ്യമന്ത്രിയായി. ഞങ്ങള്‍ ഇരുവരും ഒന്നിച്ച് പാര്‍ട്ടിക്കകത്ത് ധാരാളം പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ച് നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി പലതവണ ഒന്നിച്ച് യാത്രകളും നടത്തിയിട്ടുണ്ട്. ഏറ്റവും എളിയ ജീവിതമാണ് ഉമ്മൻ ചാണ്ടി നയിച്ചിരുന്നത്.
ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ ഓടിവരുന്നത് കോഴിക്കോട് ഡി.സി.സി ഓഫീസിലെ വരാന്തയില്‍ പായവിരിച്ചുറങ്ങുന്ന മുഖമാണ്. ഉമ്മൻ ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ ഞാൻ കോഴിക്കോട് ഡി.സിസി ജനറല്‍ സെക്രട്ടറിയാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് അന്നത്തെ കോഴിക്കോട് ജില്ല. അക്കാലത്ത് ഞാൻ ഡി.സി.സി ഓഫീസില്‍ തന്നെയാണ് താമസം. പുലര്‍ച്ചെ മൂന്നരയോടെ എത്തുന്ന തീവണ്ടിയിലാണ് ഉമ്മൻ ചാണ്ടി കോഴിക്കോട്ടെത്തുക. ഡി.സി.സി ഓഫീസിലെത്തിയാല്‍ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങുകയായിരിക്കും. ഞാൻ ഓഫീസ് മുറിയിലും ജീവനക്കാര്‍ വരാന്തയില്‍ പായവിരിച്ചുമാണ് ഉറങ്ങുക.
ആരെയും വിളിക്കാതെ ഓഫീസ് മൂലയിലെ പായ വിരിച്ച് ഉമ്മൻ ചാണ്ടിയും വരാന്തയില്‍ കിടന്നുറങ്ങും. ഞാൻ രാവിലെ മുറിയില്‍ നിന്നും ഇറങ്ങിവരുമ്പോഴാണ് ഉമ്മൻ ചാണ്ടി വരാന്തയില്‍ കിടന്നുറങ്ങുന്നത് കണ്ടത്. വന്ന വിവരം അറിയിക്കാത്തതില്‍ പരിഭവം പറഞ്ഞ ഞാൻ ഇനി വരുന്ന വിവരം മുൻകൂട്ടി അറിയിച്ചാല്‍ താമസിക്കാൻ മുറിയൊരുക്കാമെന്ന് പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടി പിന്നീടും അതനുസരിച്ചിരുന്നില്ല. ഉറങ്ങുന്നവരെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് വിളിക്കാതിരുന്നത് എന്ന് ചിരിച്ചൊഴിയുകയായിരുന്നു.
കോഴിക്കോട്ട് നടന്ന കെ.എസ്.യു സംസ്ഥാന സമ്മേളനത്തില്‍ രണ്ടാം തവണയും ഉമ്മൻ ചാണ്ടി സംസ്ഥാന പ്രസിഡന്റായി. അന്ന് ഏഷ്യയിലെ തന്നെ വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായിരുന്നു കെ.എസ്.യു. പഴയ കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്തെ എളിയ ജീവിതം തന്നെയാണ് മുഖ്യമന്ത്രിയായപ്പോഴും ഇപ്പോഴും ഉമ്മൻ ചാണ്ടി തുടരുന്നത്. എവിടെപ്പോയാലും ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി ഉമ്മൻ ചാണ്ടി മാറും. ജനങ്ങളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ടാണ് പരിഹാരം കാണുക.
1977ല്‍ ഉമ്മൻ ചാണ്ടി മന്ത്രിയായപ്പോള്‍ ഞാൻ എംഎല്‍എയായിരുന്നു. തൊഴില്‍ വകുപ്പായിരുന്നു ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത്. തൊഴില്‍ വകുപ്പിനെ തൊഴിലാളികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന വകുപ്പാക്കി മാറ്റുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലമായതിനാല്‍ ഏറ്റവും അധികം തൊഴില്‍ പ്രശ്നങ്ങളുള്ള കാലഘട്ടമായിരുന്നു അത്. രാവും പകലും ഒരു പോലെ കഷ്ടപ്പെട്ട് അദ്ദേഹം തൊഴില്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ഓടി നടന്നു. കൂലി വര്‍ധന ഒരു പ്രധാന പ്രശ്നമായി അക്കാലത്ത് ഉയര്‍ന്നു വന്നു. കൂലി വര്‍ധിപ്പിക്കില്ലെന്ന് മുതലാളിമാര്‍ കടുംപിടുത്തം പിടിച്ചു. ഇതിന് പരിഹാരം കാണാൻ തൊഴില്‍തര്‍ക്ക നിയമത്തില്‍ 10 ആ എന്ന ഒരു ഉപവകുപ്പ് ഉമ്മൻ ചാണ്ടി കൊണ്ടുവന്നു.
ഈ വകുപ്പനുസരിച്ച് തൊഴിലാളികളുടെ കൂലി നിജപ്പെടുത്തി ഉത്തരവ് പാസാക്കാനുള്ള അധികാരം സര്‍ക്കാരിന് ലഭിച്ചു. ഇത്തരത്തില്‍ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ നിയമമുണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരുന്നു കേരളം. ചുമട്ടുതൊഴിലാളി മേഖലയില്‍ വളരെയധികം സമരങ്ങളും സംഘര്‍ഷങ്ങളും നിലനിന്നിരുന്നു. ചുമട്ടുതൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനായി ഹെഡ് ലോഡ് വര്‍ക്കേഴ്സ് ആക്ട് എന്ന ശ്രദ്ധേയമായ നിയമം കൊണ്ട് വന്ന് രാജ്യത്തിന് തന്നെ മാതൃകയായി. ഈ നിയമവും ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കിയത് ഉമ്മൻ ചാണ്ടി തൊഴില്‍മന്ത്രിയായിരുന്നപ്പോഴാണ്.
നിയമസഭാ സാമാജികൻ എന്നുള്ള നിലയില്‍ എതിര്‍പക്ഷത്തെ ഒട്ടുംതന്നെ വേദനിപ്പിക്കാതെ കാര്യമാത്ര പ്രസക്തമായ പ്രസംഗങ്ങളാണ് ഉമ്മൻ ചാണ്ടി നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കാര്യമായി എതിര്‍ക്കാൻ പോലും എതിര്‍പക്ഷത്തിന് കഴിയുമായിരുന്നില്ല. രണ്ടു തവണ ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായപ്പോഴും അദ്ദഹത്തിന്റെ മന്ത്രിസഭയില്‍ ഞാനും അംഗമായിരുന്നു. ‘വികസനവും കരുതലും”, ”അതിവേഗം ബഹുദൂരം” എന്നീ മുദ്രാവാക്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തി ആ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭരണമാണ് നടത്തിയത്. കേരളത്തിന്റെ നാനോന്മുഖമായ വികസനത്തിനു വേണ്ടി കഠിനമായി അധ്വാനിച്ച മുഖ്യമന്ത്രിയായിരുന്നു.
ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടാല്‍ ഉടനെ അവിടെ ഓടിയെത്തുകയും അവ പരിഹരിക്കാൻ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു. സുനാമി വന്നപ്പോള്‍ കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്ക് ആദ്യം ഓടിയെത്തിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. എല്ലാ ജില്ലകളിലേക്കും ചുമതല നല്കി ഉടൻ മന്ത്രിമാരെ അയച്ചു. തലസ്ഥാനത്തെയും കളക്ടര്‍ അടക്കമുള്ള ജില്ലാതലങ്ങളിലെയും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് അപ്പപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. സുനാമിയെ കേരളത്തിന് അതിജീവിക്കാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ വിശ്രമംവെടിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടിയാണ്.
എന്നും പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉമ്മൻ ചാണ്ടി ജനസമ്പര്‍ക്കപരിപാടിയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആവലാതികള്‍ക്കും പ്രശ്നങ്ങള്‍ക്കുമാണ് പരിഹാരം കണ്ടത്. എല്ലാ ജില്ലകളിലും പതിനായിരക്കണക്കിന് ജനങ്ങളുടെ ഇടയിലേക്ക് അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രിയും ഭരണസംവിധാനവും നേരിട്ടെത്തി. ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേട്ട മുഖ്യമന്ത്രി അവയ്ക്ക് പരിഹാരം കാണാൻ ലക്ഷക്കണക്കിന് ഉത്തരവുകളാണ് തല്‍സമയം പുറപ്പെടുവിച്ചത്. ഐക്യരാഷ്ട്ര സഭപോലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തതാണ് ഉമ്മൻ ചാണ്ടിയുടെ പൊതുജനപരാതി പരിഹാരത്തിനു വേണ്ടിയുള്ള ജനസമ്പര്‍ക്ക പരിപാടി.
ജനങ്ങളെ ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കാൻ നിയമവും ചട്ടങ്ങളും തടസമായാല്‍ അത് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ് പല ഭരണാധികാരികളും ചെയ്യുക. എന്നാല്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമവും ചട്ടവും ഭേദഗതി വരുത്തി ജനങ്ങളുടെ പ്രശ്നം പരഹരിക്കുമായിരുന്നു ഉമ്മൻ ചാണ്ടി. ഒരാളോടുപോലും ഉമ്മൻ ചാണ്ടി ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട് എന്നാല്‍ ആ സന്ദര്‍ഭങ്ങളിലെല്ലാം ‘താനൊരു ബെസ്റ്റ് പാര്‍ട്ടിയാണ്’ എന്നു മാത്രമേ ഉമ്മൻ ചാണ്ടി പറയാറുള്ളൂ.
കേരളം കണ്ടതില്‍വെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ ഒരു മറുപടിയില്ല. സോഹദരതുല്യമായ ആത്മബന്ധമാണ് എനിക്ക് ഉമ്മൻ ചാണ്ടിയുമായുള്ളത്-ഇതായിരുന്നു ആര്യാടന്റെ ആ പഴയ കുറിപ്പ്.
The post ഡി.സി.സി ഓഫീസ് വരാന്തയില്‍ പായവിരിച്ചുറങ്ങുന്ന ഉമ്മന്‍ ചാണ്ടി; എന്നും നിലകൊണ്ടത് ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം; ഒരാളോടു പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല; ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന ഘട്ടങ്ങളെ നിയന്ത്രിച്ചത് ‘താനൊരു ബെസ്റ്റ് പാര്‍ട്ടിയാണ്’ എന്ന് പ്രതികരിച്ച്; ‘വികസനവും കരുതലും”, ”അതിവേഗം ബഹുദൂരം” എന്ന മുദ്രാവാക്യങ്ങൾ പ്രാവർത്തികമാക്കിയ ജനകീയ നേതാവ്…. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]