സ്വന്തം ലേഖകൻ
തൃശൂർ: ആരെയും വീഴ്ത്തുന്ന വാഗ്ചാതുര്യം മിടുക്ക് ഇതൊക്കെക്കൊണ്ട് പൂമ്പാറ്റ സിനി നേടിയത് കോടികളുടെ സമ്പാദ്യം. തൃശൂർ ജില്ലയിൽ മാത്രം 50 കേസുകളിൽ പ്രതിയായ സിനിയെ ഒടുവിൽ പൊലീസ് പൂട്ടി. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത പൂമ്പാറ്റ സിനിയുടെ പേരിലുള്ളത് ഒട്ടേറെ കുറ്റകൃത്യങ്ങൾ.
സാമ്പത്തിക തട്ടിപ്പ് മുതൽ, ഭീഷണി, വഞ്ചന തുടങ്ങി വധശ്രമത്തിൽ വരെ പ്രതിയാണ് എറണാകുളം പള്ളുരുത്തി തണ്ടാശേരിൽ സിനി ഗോപകുമാർ എന്ന പൂമ്പാറ്റ സിനി. കാപ്പ നിയമപ്രകാരം അറസ്റ്റിലാകുന്ന അപൂർവം സ്ത്രീകളിൽ ഒരാളാണ് പുമ്പാറ്റ സിനി. വിവിധ സ്റ്റേഷനുകളിലായി അമ്പതിലേറെ കേസുകളാണ് ഈ നാൽപ്പത്തെട്ടുകാരിക്കെതിരെയുള്ളത്.
ആലപ്പുഴയിലെ അരൂർ, കുത്തിയതോട് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിൽ മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗൺ സൗത്ത്, സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ് സ്റ്റേഷനുകളിലും തൃശൂരിൽ പുതുക്കാട്, കൊടകര, മാള, ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ സ്റ്റേഷനുകളിലുമായാണ് സിനിക്കെതിരെ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അരൂർ സ്റ്റേഷനിൽ 2008 ൽ റജിസ്റ്റർ ചെയ്ത കേസിലാണു സിനിയുടെ തട്ടിപ്പുകളുടെ ഭീകരത ആദ്യമായി പുറത്തുവരുന്നത്. ഒരു വ്യാപാരിയെ സൗഹൃദത്തിൽ കുടുക്കി നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയിരുന്നു. 10 ലക്ഷം രൂപ കൂടി വീണ്ടും ആവശ്യപ്പെട്ടതോടെ വ്യാപാരി ജീവനൊടുക്കി. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിൽ സിനി കുടുങ്ങി.
തട്ടിപ്പും പിടിച്ചു പറിയും വഴി കോടികൾ സമ്പാദിച്ച പൂമ്പാറ്റ സിനി 2016ലാണ് മകളുടെ വിവാഹം നടത്തിയത്. അന്ന് ആ നാട്ടിലെ ഏറ്റവും വലിയ വിവാഹമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വിവാഹത്തിൽ പങ്കെടുത്തവരുടെ പേരു വിവരം രജിസ്റ്റർ ചെയ്തു നറുക്കിട്ട്്്് സിനി നല്കിയ സമ്മാനങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും. വാഷിങ് മെഷീനും ടിവിയും ഫ്രിഡ്ജുമൊക്കെ നല്കി അന്ന് സിനി നാട്ടുകാരുടെ കണ്ണിലുണ്ണിയായി.
എറണാകുളം കണ്ണമാലിയിൽ തങ്കവിഗ്രഹം വിൽക്കാനുണ്ടെന്നു വിശ്വസിപ്പിച്ച് 36 ലക്ഷം രൂപ തട്ടി. വനിതാ കോൺസ്റ്റബിൾ ആണെന്നു വിശ്വസിപ്പിച്ചു ജ്വല്ലറിയിൽ നിന്ന് ആറു പവനോളം സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയതിനും പിടിക്കപ്പെട്ടു. ഫോർട്ട് കൊച്ചി എസിപിയുടെ ഭാര്യയാണെന്നു വിശ്വസിപ്പിച്ചു വ്യാപാരിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയതിനും പിടിയിലായി. തൃശൂർ ജില്ലയിൽ മാത്രം ഇവർ 32 കേസുകളിൽ പ്രതിയാണ്.
ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് 11 പവൻ തട്ടിയത്, പുതുക്കാട്ടെ ബിസിനസുകാരനിൽ നിന്ന് 74 ലക്ഷം തട്ടിയത്, പുതുക്കാട് സ്വദേശികളായ മറ്റു 4 പേരിൽ നിന്ന് 37.5 ലക്ഷം തട്ടിയത്, തൃശൂരിലെ ജ്വല്ലറി ഉടമയിൽ നിന്ന് 27 ലക്ഷവും 70 ഗ്രാം സ്വർണവും തട്ടിയത് തുടങ്ങിയ വൻകിട തട്ടിപ്പു കേസുകളിലും ഇവർ പ്രതിയായിരുന്നു.
കൊടകരയിൽ യാത്രക്കാരനെ ബൈക്കിടിച്ചു വീഴ്ത്തി 3 ലക്ഷം കവർന്നതിനും ഒല്ലൂരിൽ വീട്ടമ്മയെ കല്ലുകൊണ്ടിടിച്ചു കൊല്ലാൻ നോക്കിയതിനും അറസ്റ്റിലായി. പല ബാങ്കുകളിലായി 31 ലക്ഷം രൂപ മുക്കുപണ്ടം പണയം വച്ചു തട്ടിയിട്ടുണ്ട്. ആകെ തട്ടിച്ച സ്വർണത്തിന്റെയും പണത്തിന്റെയും മൂല്യം കോടികൾ വരുമെന്നാണു നിഗമനം. തൈക്കാട്ടുശേരിയിലെ വാടക വീട്ടിൽ നിന്നാണ് ഒല്ലൂർ എസ്എച്ച്ഒ ഡെന്നി ജേക്കബും സംഘവും ഇവരെ പിടികൂടിയത്.
തൃശൂരിലും എറണാകുളത്തുമെല്ലാമായി എണ്ണമറ്റ തട്ടിപ്പുകൾ നടത്തി കോടികളുണ്ടാക്കിയിട്ടുണ്ട് സിനി. റിയൽ എസ്റ്റേറ്റിൽ വലിയൊരു പങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. വൻകിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ് സിനിയുടെ താമസം. വിലകൂടിയ ആഡംബര കാറിൽ മാത്രമേ യാത്ര പതിവുള്ളൂ. മദ്യവും മയക്കുമരുന്നും കലർന്ന ജീവിതമായിരുന്നുവത്രേ സിനിയുടേത്. തട്ടിപ്പ് പൊളിയാതിരിക്കാനും പൊലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാനും വേണ്ടി പൂമ്പാറ്റ സിനി ചാത്തൻ സേവ നടത്തിയിരുന്നു. ഇവർ താമസിക്കുന്ന വീടുകളിലെ മുറികളിൽ സ്വന്തമായി ചെറിയ ക്ഷേത്രം നിർമ്മിക്കുകയും ചാത്താൻ സേവയും പൂജയും നടത്തുകയും ചെയ്യുക പതിവായിരുന്നു.
കമ്മിഷണർ അങ്കിത് അശോകൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച കലക്ടർ വി.ആർ. കൃഷ്ണതേജ കരുതൽ തടങ്കലിന് ഉത്തരവിട്ടു. വിയ്യൂർ വനിതാ ജയിലിലാക്കിയ സിനിയെ പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റും.
The post എസിപിയുടെ ഭാര്യയാണെന്നു പറഞ്ഞ് വ്യാപാരിയിൽ നിന്നും 22 ലക്ഷം; വനിതാ കോൺസ്റ്റബിളെന്ന് പറഞ്ഞ് ജ്വല്ലറിയിൽ നിന്നും പണം കൊടുക്കാതെ വാങ്ങിയത് ആറ് പവൻ സ്വർണം; മകളുടെ വിവാഹത്തിന് എത്തിയവർക്ക് നറുക്കിട്ട് ടിവിയും വാഷിങ് മെഷീനും ഫ്രിഡ്ജും നല്കി നാട്ടുകാരുടെ കണ്ണിലുണ്ണിയായി; തട്ടിപ്പുകൾ പുറത്തറിയാതിക്കാൻ ചാത്തൻസേവ; പേരുകൾ മാറ്റി പാറി നടന്ന തട്ടിപ്പുവീര പുമ്പാറ്റ സിനി പിടിയിലാകുമ്പോൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]