
സ്വന്തം ലേഖകൻ
ആലപ്പുഴ: ജില്ലയിൽ കള്ളനോട്ട്
പ്രചരണം വ്യാപകമാകുന്നത് ആശങ്ക ഉയർത്തുന്നു. കള്ളനോട്ട് ഇടപാടുകൾ വ്യാപകമാകുമ്പോഴും നടപടികൾ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്.
ഗുണ്ടാ സംഘങ്ങൾക്കും ലഹരി മാഫിയക്കും ശക്തമായ വേരോട്ടമുള്ള ജില്ല കൂടിയാണ് ആലപ്പുഴ. കള്ളനോട്ടുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം മുഖ്യ ഉറവിടങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് പ്രശ്നം. അന്വേഷണം വിതരണക്കാരിലും ഇടനിലക്കാരിലുമായി മാത്രം ഒതുങ്ങുന്നു എന്നതാണ് രീതി. എടത്വയിലെ കൃഷി ഓഫീസർ മുഖ്യപ്രതിയായ കള്ളനോട്ട് കേസ് ആണ് ഒടുവിൽ പുറത്തുവന്നത്. ഈ കേസിലും ഉറവിടത്തിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ജില്ലയിൽ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കായംകുളത്താണ്. 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ് നടത്തിയ യുവാവ് അടക്കം ഇവിടെ പിടിയിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആണ് 500 രൂപയുടെ കള്ളനോട്ടുമായി കല്ലട മുൻ പഞ്ചായത്ത് പ്രസിഡണ്ടിനെയും യുവതിയും നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. സൂപ്പർ മാർക്കറ്റിൽ നോട്ട് മാറുന്നതിനിടെയാണ് യുവതി പിടിക്കപ്പെട്ടത്. ഇവർക്ക് കള്ളനോട്ട് നൽകിയ മുൻ പഞ്ചായത്ത് പ്രസിഡണ്ടിലേക്ക് അന്വേഷണം എത്തിയെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല.
കായംകുളത്തും ആലപ്പുഴയിലും കള്ളനോട്ട് വിതരണം ചെയ്തതിന് പിന്നിൽ ഒരേ സംഘം ആണെന്ന് സ്ഥിരീകരിച്ചിരുന്നു. സിസിടിവിയും നോട്ട് എണ്ണൽ യന്ത്രവുമില്ലാത്ത ചെറുകിട സ്ഥാപനങ്ങളിലും മറ്റും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആണ് കായംകുളത്ത് കള്ളനോട്ടുകൾ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ കായംകുളത്തും സമീപപ്രദേശങ്ങളിലും കള്ളനോട്ട് വിതരണക്കാരായവർ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നവരാണെന്ന് കണ്ടെത്തി. റിയൽ എസ്റ്റേറ്റ് മേഖലയിലും കള്ളനോട്ട് ഇടപാട് വ്യാപകമായി നടക്കുന്നുണ്ട്. ഇതിനിടയിൽ നോട്ട് ഇരട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനവും വ്യാപകമാണ്. ഒരു ലക്ഷം രൂപ കൊടുത്താൽ മൂന്നുലക്ഷം രൂപ വരെ കള്ളനോട്ടുകൾ തിരികെ നൽകുമെന്നാണ് ഇവരുടെ വാഗ്ദാനം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]