ബംഗളൂരു
ആറുദിവസത്തിനുള്ളിൽ ഒരു പരമ്പര നേട്ടം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയെ മൂന്നു ദിവസത്തിൽ തീർത്ത് ഇന്ത്യ പരമ്പര 2–0ന് നേടി. ഇക്കുറി 238 റണ്ണിനാണ് ജയം. മൂന്നു ദിവസത്തിനപ്പുറം നീളാതിരുന്ന ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 222 റണ്ണിനുമാണ് ജയിച്ചത്. ആർ അശ്വിന്റെ സ്പിൻ കെണിയിലും ജസ്പ്രീത് ബുമ്രയുടെ പേസ് കാറ്റിലും ഉലഞ്ഞ് ശ്രീലങ്ക നിലംപറ്റി.
മൂന്നാംദിനം 447 റൺ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്ക 208ന് പുറത്തായി. 107 റണ്ണുമായി ക്യാപ്റ്റൻ ദിമുത് കരുണരത്നെമാത്രം പൊരുതി. ബുമ്ര രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റെടുത്തപ്പോൾ അശ്വിൻ ആറെണ്ണം സ്വന്തമാക്കി. ടെസ്റ്റ് ക്യാപ്റ്റൻ കുപ്പായത്തിൽ രോഹിത് ശർമയുടെ തുടക്കവും മിന്നുന്നതായി.
സ്കോർ: ഇന്ത്യ 252, 9–303 ഡി.; ശ്രീലങ്ക 109, 208.
ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റണ്ണെന്നനിലയിൽ മൂന്നാംദിനം കളി തുടങ്ങിയ ലങ്കയ്ക്കായി കരുണരത്നെയും കുശാൽ മെൻഡിസും വേഗത്തിലുള്ള തുടക്കമാണ് നൽകിയത്. ഈ സഖ്യം 97 റൺ നേടി. 60 പന്തിൽ 54 റണ്ണെടുത്ത മെൻഡിസിനെ അശ്വിന്റെ പന്തിൽ വിക്കറ്റ്കീപ്പർ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്തതോടെ ലങ്ക ഇളകി. പരിചയസമ്പന്നനായ ഏയ്ഞ്ചലോ മാത്യൂസിന്റെ (1) കുറ്റിപിഴുത് ജഡേജ തകർച്ചയ്ക്ക് ആക്കംകൂട്ടി. ഒരറ്റത്ത് പിടിച്ചുനിന്ന കരുണരത്നെയ്ക്ക് ആരും പിന്തുണ നൽകിയില്ല.
രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നേടിയ അശ്വിൻ ആകെ നേട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്നെ മറികടന്നു. 442 വിക്കറ്റായി അശ്വിന്. മുമ്പിൽ ഇനി ഏഴുപേർ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരവുമായി മുപ്പത്തഞ്ചുകാരൻ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]