
തിരുവനന്തപുരം
കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി നിർണയം കുഴഞ്ഞുമറിഞ്ഞതിനിടെ കെ സുധാകരന്റെ നോമിനിയായ എം ലിജുവിനെതിരെ പടയൊരുക്കം. എ ഗ്രൂപ്പും കെ സി വേണുഗോപാൽ വിഭാഗവും കെ മുരളീധരനുമാണ് പിന്നിൽ. തെരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ ഹൈക്കമാൻഡിന് കത്ത് നൽകി.
കോൺഗ്രസിലെ കാരണവന്മാരും യുവാക്കളും കുപ്പായം തുന്നുന്നതിനിടെ വനിതാ നേതാക്കളും കളത്തിലിറങ്ങി. എഐസിസി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാർ എന്നിവരാണ് പുതിയതായി രംഗത്തുവന്നത്. മുരളീധരൻ ഹൈക്കമാൻഡ് നിർദേശിച്ച ശ്രീനിവാസൻ കൃഷ്ണനു വേണ്ടിയാണ് വാദിക്കുന്നത്. സോണിയ ഗാന്ധിയുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ കണ്ട് എം ലിജുവിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശ്രീനിവാസൻ കൃഷ്ണനെ പട്ടികയിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർദേശം നൽകിയത്. എന്നാൽ, ശ്രീനിവാസനെതിരെ എതിർപ്പ് ശക്തമാണ്.
എം ലിജു, വി ടി ബലറാം, ഷാനിമോൾ ഉസ്മാൻ, സതീശൻ പാച്ചേനി, പത്മജ വേണുഗോപാൽ തുടങ്ങിയവരടക്കം തെരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എട്ട് കെപിസിസി ഭാരവാഹികൾ ഹൈക്കമാൻഡിന് കത്തയച്ചു. എ ഗ്രൂപ്പും ഇതേ ആവശ്യമാണ് ഉയർത്തുന്നത്.
ഡിസിസി പുനഃസംഘടനാ തർക്കത്തിൽ ഒപ്പം നിന്ന കെ മുരളീധരൻ രാജ്യസഭാ സീറ്റ് പ്രശ്നത്തിൽ എതിർപ്പ് ഉയർത്തിയതിൽ കെ സുധാകരൻ അതൃപ്തനാണ്. കെ സുധാകരൻ ഒരു വശത്തും ഗ്രൂപ്പുകളും മുതിർന്ന നേതാക്കളും മറുവശത്തും നിൽക്കുമ്പോൾ എം എം ഹസ്സൻ, കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ നേരിട്ട് സീറ്റ് ചോദിച്ചിരിക്കുകയാണ്. കേരളത്തിലെ നേതാക്കൾ പരസ്പരം പോരടിക്കുന്നതിനിടെ വീണ്ടും എ കെ ആന്റണിക്ക് നറുക്ക് വീഴുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. തർക്കം മറയാക്കി പട്ടികയിൽ കയറിക്കൂടാനുള്ള തന്ത്രമാണ് ആന്റണി പയറ്റുന്നത്.
രാജ്യസഭാ സീറ്റിലേക്ക് ഇല്ലെന്ന് ആന്റണി പുറമെ പറഞ്ഞിട്ടുണ്ടെങ്കിലും ഹൈക്കമാൻഡിനെ രേഖാമൂലം അറിയിച്ചിട്ടില്ല. എഐസിസി വക്താവ് ഷമാ മുഹമ്മദും രാഹുൽ ഗാന്ധിയുടെ പ്രസംഗ പരിഭാഷകയായ ജ്യോതി വിജയകുമാറും കൂടി വന്നതോടെ അനിശ്ചിതത്വം മുറുകി. രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ അറിയിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]