
കൊച്ചി
കോവിഡ് വ്യാപനം കുറഞ്ഞ് വിപണി ഉണർന്നു തുടങ്ങിയപ്പോൾ അരിവില കുതിച്ചുയരുന്നു. കൊച്ചിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള മട്ട അരിക്ക് ഒന്നരമാസത്തിനുള്ളിൽ 10 രൂപയിലധികം വർധിച്ചു. സംസ്ഥാനത്ത് വളരെ ആവശ്യക്കാരുള്ള ജയ അരിയുടെ വരവ് കുറഞ്ഞു; ഒരാഴ്ചയ്ക്കുള്ളിൽ 3.50 രൂപ കൂടുകയും ചെയ്തു. കോവിഡ്കാലത്ത് വിൽപ്പന ഇടിഞ്ഞതോടെ കർഷകർ കൃഷിയിറക്കൽ കുറച്ചത് മുതലെടുത്ത് ഇതരസംസ്ഥാന അരിലോബി വില കൂട്ടുകയാണ്.
കൊച്ചിയിൽ മൊത്തവ്യാപാരികൾക്ക് 30.50 മുതൽ 36 രൂപയ്ക്കുവരെ ലഭിച്ചിരുന്ന വടി മട്ട അരി ഇപ്പോൾ കിട്ടുന്നത് 40.50 മുതൽ 47.50 വരെ രൂപയ്ക്കാണ്. ഇത് ചില്ലറ വ്യാപാരികളിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുമ്പോൾ 48, 49 രൂപയാകും.
മുപ്പത്തിനാല് രൂപ 50 പൈസക്ക് കിട്ടിയിരുന്ന ജയ അരി മൊത്തവ്യാപാരികൾക്ക് കിട്ടുന്നത് 38 രൂപയ്ക്കാണ്. ഉപഭോക്താവിലേക്ക് എത്തുമ്പോൾ പലയിടത്തും കിലോയ്ക്ക് നാലുരൂപയോളം വർധിക്കുന്നു. അരി വരവ് കുറയുകയും ചെയ്തു. സുരേഖ അരിക്ക് ഒരു രൂപയിലധികമാണ് വർധിച്ചത്.
മട്ട അരി കർണാടകത്തിൽനിന്നും ജയയും സുരേഖയും മുഖ്യമായും ആന്ധ്രയിൽനിന്നുമാണ് എത്തുന്നത്. ജയ നെല്ലിന് കടുത്ത ക്ഷാമം, ചെറുകിട അരിമില്ലുകൾ പ്രവർത്തിക്കുന്നില്ല എന്നുപറഞ്ഞാണ് ആന്ധ്രയിലെ മൊത്തവിതരണക്കാർ അരി വില കൂട്ടുന്നത്. കഴിഞ്ഞവർഷം കോവിഡ് മൂലം വിൽപ്പന കുറഞ്ഞതിനാൽ കർഷകർ ജയ അരിക്കുള്ള നെല്ല് കൃഷി ചെയ്യാൻ മടിച്ചതാണ് വിലകൂടാൻ കാരണമായി പറയുന്നത്. വൻകിട മില്ലുടമകളും അരി വിതരണ ലോബിയും ഇത് അവസരമാക്കി ഓരോതവണ വാങ്ങുമ്പോഴും വില കൂട്ടുകയാണെന്ന് വ്യാപാരികൾ പറയുന്നു. കേരളമാണ് ജയ അരിയുടെ പ്രധാന വിപണി.
മഴമൂലം നെല്ല് നശിച്ചു എന്നാണ് മട്ട അരിയുടെ വിലവർധനയ്ക്ക് കർണാടകത്തിലെ കച്ചവടക്കാർ കാരണം പറയുന്നത്. സുരേഖ നെല്ല് കിട്ടാനുണ്ടെങ്കിലും കടത്തുകൂലി കൂടുന്നു എന്ന പേരിലാണ് വില കൂട്ടിവാങ്ങുന്നത്. കോവിഡിന് മുമ്പും കോവിഡ്കാലത്തും കച്ചവടക്കാരെ നിർബന്ധിച്ച് എടുപ്പിച്ചിരുന്ന അരിയാണ്. വില ഇത്രയുമാകും, വേണമെങ്കിൽ എടുത്താൽ മതി എന്നതാണ് ഇപ്പോൾ ആന്ധ്രയിലെ കച്ചവടക്കാരുടെ നിലപാടെന്നും കച്ചവടക്കാർ പറയുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]