കോഴിക്കോട്/കൊച്ചി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിനെ ഫോൺ രേഖകൾ നശിപ്പിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ പക്കൽനിന്ന് ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇയാളുടെ കോഴിക്കോട്ടെ വീട്ടിലും ഭാര്യവീട്ടിലും വസ്ത്രസ്ഥാപനത്തിലും നടത്തിയ പരിശോധനയിലാണ് കംപ്യൂട്ടറും മൊബൈൽ ഫോണും അടക്കമുള്ള നിർണായക തെളിവ് ലഭിച്ചത്. ഫോൺരേഖ നശിപ്പിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ കാരപറമ്പിൽ സായിയുടെ ഭാര്യ എസ്സ സബ്രിന സിറിൾ നടത്തുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്നാണ് കണ്ടെടുത്തത്. സായിയുടെയും എസ്സയുടെയും വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു ഫോണും ഐപോഡും കണ്ടെടുത്തു. അന്വേഷകസംഘത്തിലെ ഷമീർ, അനിൽകുമാർ, വർഗീസ് എന്നിവരാണ് പരിശോധനയ്ക്കെത്തിയത്.
വ്യാഴം രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. സായിയോട് വെള്ളിയാഴ്ച കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിൽ മൊബൈൽ ഫോണിലെ തെളിവ് നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ദിലീപിന്റെ ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. അഡ്വക്കറ്റ്സ് അസോസിയേറ്റ്സ് എന്ന വൈഫൈ വിലാസത്തിൽ ഫോൺ ഉപയോഗിച്ചതായും പിന്നീട് എസ്സ സബ്രിന സിറിൾ എന്ന വിലാസത്തിലുള്ള ആപ്പിൾ ഐമാക് കംപ്യൂട്ടർ ഉപയോഗിച്ച് വിവരങ്ങൾ നശിപ്പിച്ചെന്നുമാണ് കണ്ടെത്തൽ.
ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചിട്ടില്ലെന്നാണ് സായ് ശങ്കറിന്റെ വാദം. ദിലീപിന്റെ രണ്ടു ഫോണിലെ വിവരം പകർപ്പ് എടുത്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണത്. ഫോണിലെ വിവരം മായ്ച്ചുകളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും അന്വേഷകസംഘത്തോട് സായി പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]