തിരുവനന്തപുരം
ചാപ്പകുത്തുമുതൽ മഷിക്കുപ്പിവരെയുള്ള നാടകങ്ങൾക്കു ശേഷം കെഎസ്യു കൊണ്ടുവന്ന ‘വീണിടം വിദ്യയെന്ന’ സൃഷ്ടിയും പൊളിയുന്നു. ഗവ. ലോ കോളേജിൽ സംഘർഷത്തിനിടയിൽപ്പെട്ട സുഹൃത്തിനെ മാറ്റുന്നതിനിടെ വീണുപോയ കെഎസ്യു യൂണിറ്റ് പ്രസിഡന്റായ വനിതയെ എസ്എഫ്ഐക്കാർ ആക്രമിച്ചതാണെന്ന നാടകമാണ് പൊളിഞ്ഞു പാളീസാകുന്നത്. വനിതാ നേതാവും മറ്റ് കെഎസ്യുക്കാരും എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തായതും ഇവരുടെ അതിക്രമത്തിന് ഇരയായ വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയതും തിരിച്ചടിയായി. വീണ സുഹൃത്ത് ഇവരെ വലിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം.
2000ൽ ആയിരുന്നു കെഎസ്യു പ്രവർത്തകൻ നിഷാദിന്റെ പുറത്ത് എസ്എഫ്ഐക്കാർ ചാപ്പകുത്തിയെന്ന് പ്രചരിപ്പിച്ചത്. എസ്എഫ്ഐക്കാർ കത്തികൊണ്ട് എസ്എഫ്ഐയെന്ന് വരഞ്ഞു, നേതാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ഐസിയുവിൽ എന്നിങ്ങനെ മനോരമ ഉൾപ്പെടെ എഴുതി. വെള്ളം ചോദിച്ച നിഷാദിനെ മൂത്രം കുടിപ്പിച്ചെന്ന വാർത്തയുമുണ്ടായി. എന്നാൽ, മദ്യപിച്ച് ലക്കുകെട്ട കെഎസ്യുക്കാർതന്നെയാണ് നേതാവിന്റെ പുറത്ത് ചാപ്പകുത്തിയതെന്ന് രണ്ടരവർഷത്തിനുശേഷം മുൻ കെഎസ്യു നേതാവ് ശ്യാംകുമാർ വെളിപ്പെടുത്തി.
2016 സെപ്തംബറിലായിരുന്നു ‘മഷിക്കുപ്പി’ സമരം. സ്വാശ്രയ പ്രവേശനത്തെച്ചൊല്ലിയുള്ള നിരാഹാരസമരത്തിന്റെ മറവിൽ കെഎസ്യു–-യൂത്ത് കോൺഗ്രസുകാർ കലാപമായിരുന്നു ലക്ഷ്യമിട്ടത്. സംഘർഷമുണ്ടാക്കിയശേഷം ചുവപ്പ് മഷി വസ്ത്രത്തിൽ ഒഴിച്ച് പൊലീസ് അതിക്രമമെന്ന് വരുത്തുകയായിരുന്നു തിരക്കഥ. സമരക്കാർ കൊണ്ടുവന്ന മഷിക്കുപ്പികൾ കണ്ട മാധ്യമ പ്രവർത്തകർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. തെരച്ചിലിൽ കൂടുതൽ കുപ്പികൾ കണ്ടെത്തിയതോടെ നാടകം ചീറ്റി.
കോൺഗ്രസ് സംവിധാനം ചെയ്ത മുടിമുറിക്കൽ നാടകം അരങ്ങേറിയത് 2016ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പു വേളയിൽ. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ കൊല്ലായിൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായ സതികുമാരിയുടെ മുടി സിപിഐ എമ്മുകാർ മുറിച്ചെന്നായിരുന്നു കഥ. ദേശീയതലത്തിൽവരെ പ്രചരിപ്പിച്ചു. എന്നാൽ, തോറ്റ ജാള്യം മറയ്ക്കാൻ സതികുമാരി സ്വയം മുടി മുറിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. മുൻ എംഎൽഎ സെൽവരാജിന്റെ വീട് കത്തിക്കൽ, യൂത്ത് കോൺഗ്രസ് നേതാവ് ലീനയുടെ വീടാക്രമണം…. യുഡിഎഫ് പത്രമായ മനോരമയടക്കം സങ്കടക്കഥ നിരത്തിയ നാടകങ്ങളുടെ പൊളിഞ്ഞ നിരയിൽ ഒന്നുകൂടിയായി ലോ കോളേജ് അക്രമം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]