കൊച്ചി
ഭയപ്പെടുത്തുന്ന സാഹചര്യമാണ് ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നിലനിൽക്കുന്നതെന്ന് ജെഎൻയു പ്രൊഫസർ ഡോ. ആർ മഹാലക്ഷ്മി. യുപിയിൽ ബിജെപി വിജയത്തിനുശേഷം ജെഎൻയുവിൽ ഭീതിപരത്താൻ ശ്രമം നടന്നു. ‘അയോധ്യ കഴിഞ്ഞു, കാശിയും മഥുരയും ബാക്കിയാണ്’ എന്ന മുദ്രാവാക്യങ്ങളാണ് ആഹ്ലാദപ്രകടനത്തിൽ കേട്ടത്. സർവകലാശാലയുടെ പാരമ്പര്യവും അക്കാദമിക് മികവും തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. നിലവാരമില്ലാത്ത കോഴ്സുകൾ കൊണ്ടുവന്ന് അതിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി സമ്പൂർണ കാവിവൽക്കരണത്തിനാണ് ശ്രമമെന്ന് ഡോ. ആർ മഹാലക്ഷ്മി പറഞ്ഞു. കേരള ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ അവർ ‘ദേശാഭിമാനി’യോട് സംസാരിക്കുകയായിരുന്നു.
ജെഎൻയു എന്നാൽ ഇന്ത്യയുടെ ചെറുപതിപ്പാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ അവിടെയുണ്ട്. രാജ്യത്തിന്റെ വൈവിധ്യം മുഴുവൻ ഉൾക്കൊള്ളുന്നതാണ് സർവകലാശാലയുടെ പാരമ്പര്യം. ഇതുമൂലമാണ് ജെഎൻയുവിനെ തകർക്കാൻ ശ്രമം നടക്കുന്നത്. ഇതിനെ എതിർക്കുന്ന അധ്യാപകർക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഇവർക്ക് ശമ്പളം നിഷേധിക്കുന്നു. വിരമിക്കുന്നവരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും റദ്ദാക്കുന്നു. പെൺകുട്ടികൾക്കും രാജ്യത്തിന്റെ പിന്നാക്ക ഭാഗങ്ങളിൽനിന്നുള്ളവർക്കും സർവകലാശാല പ്രവേശനത്തിന് നൽകിയിരുന്ന പരിഗണന ഇല്ലാതാക്കുന്നു. മോശമായ പെരുമാറ്റത്തിനെതിരെ പെൺകുട്ടികൾക്ക് പരാതി നൽകാൻ ഇപ്പോൾ വേദികളില്ല.
2016നുശേഷമാണ് സർവകലാശാലയുടെ അന്തരീക്ഷം കലുഷിതമായിത്തുടങ്ങിയത്. 2020 ജനുവരി അഞ്ചിന് പുറത്തുനിന്നെത്തിയ ഒരു സംഘം സർവകലാശാലയിൽ അക്രമം നടത്തിയിരുന്നു. ഇവർക്ക് സെക്യൂരിറ്റി ജീവനക്കാരുടെ സഹായം ലഭിച്ചെന്നും, സംഘം മടങ്ങിയത് പൊലീസിന്റെ വാഹനങ്ങളിലാണെന്നും പിന്നീട് വ്യക്തമായി. ഇത്തരം സംഭവങ്ങളാണ് ഉണ്ടാകുന്നത്. –-ഡോ. ആർ മഹാലക്ഷ്മി പറഞ്ഞു. ജെഎൻയുവിൽ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ പ്രൊഫസറാണ് ഡോ. മഹാലക്ഷ്മി. അച്ഛൻ പാലക്കാട് കുഴൽമന്ദം സ്വദേശിയാണ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]