വാസ്കോ
ഒറ്റഗോളിലാണ് ഫെെനലിലേക്കുള്ള വഴി തുറന്നുകിടക്കുന്നത്. ആ ഒറ്റഗോളിൽ പിടിച്ചുനിന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ ഫെെനലിലേക്ക് മുന്നേറാം.
ഇന്ന് രണ്ടാംപാദ സെമിയിൽ ജംഷഡ്പുർ എഫ്സിയെ നേരിടാനിറങ്ങുമ്പോൾ പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. ആദ്യപാദത്തിൽ സഹൽ അബ്ദുൾ സമദ് നേടിയ മിന്നുംഗോളിലായിരുന്നു ജയം.
തുടർച്ചയായ ഏഴ് കളി ജയിച്ച് മുന്നേറിയ ജംഷഡ്പുരിനെ ഫത്തോർദയിൽ ഇവാൻ വുകോമനോവിച്ചിന്റെ സംഘം വീഴ്ത്തി. ഷീൽഡ് ജേതാക്കളുടെ കരുത്തുറ്റ മുന്നേറ്റനിരയെ പിടിച്ചുകെട്ടിയതായിരുന്നു ബ്ലാസ്റ്റ്റ്റേഴ്സിന്റെ ജയത്തിന് പിന്നിൽ.
ഇന്ന് സമനില പിടിച്ചാലും മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ് വുകോമനോവിച്ചിന്റെ ടീം.
സീസണിലെ അവസാന അഞ്ച് മത്സരങ്ങളിൽ ഒരെണ്ണംമാത്രമാണ് തോറ്റത്.
മൂന്നിൽ ജയിച്ചപ്പോൾ മറ്റൊന്നിൽ സമനില. അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാനതാരം.
സീസണിൽ അഞ്ച് ഗോളടിച്ചു. ഏഴെണ്ണത്തിന് അവസരമൊരുക്കി.
ആദ്യപാദ സെമിയിൽ തകർപ്പനൊരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ കളിയാസൂത്രണം ലൂണയുടെ കാലുകളിലാണ്.
സഹലാണ് മറ്റൊരു പ്രതീക്ഷ. നിർണായക ഘട്ടങ്ങളിൽ സഹലിന്റെ മികവാണ് ടീമിനെ ഉയർത്തിയത്.
അൽവാരോ വാസ്കസ് അവസാന മത്സരങ്ങളിൽ മിന്നാത്തത് തിരിച്ചടിയാണ്. വാസ്കസ് മികവിലേക്കെത്തിയാൽ കാര്യങ്ങൾ എളുപ്പമാകും.
ജോർജ് ഡയസും പ്രതീക്ഷ നൽകുന്നു. പ്രതിരോധത്തിൽ മാർകോ ലെസ്കോവിച്ച്–ഹോർമിപാം സഖ്യം ആദ്യപാദത്തിൽ തകർപ്പൻ കളി പുറത്തെടുത്തു.
മറുവശത്ത് 10 ഗോളും അത്രതന്നെ അവസരമൊരുക്കലുമായി ഗ്രെഗ് സ്റ്റുവർട്ടാണ് ജംഷഡ്പുരിനെ നയിക്കുന്നത്. അവസാന കളിയിൽ മങ്ങിപ്പോയെങ്കിലും സ്റ്റുവർട്ടിനെ ഭീതിയോടെതന്നെയാണ് ബ്ലാസ്റ്റേഴ്സ് കാണുന്നത്.
ഏതുനിമിഷവും ഗോളടിക്കാനും അവസരമൊരുക്കാനും സ്റ്റുവർട്ടിന് കഴിയും. ഹെെദരാബാദ് എഫ്സി–എടികെ മോഹൻ ബഗാൻ സെമിയുടെ രണ്ടാംപാദം നാളെ നടക്കും.
ആദ്യപാദം ഹെെദരാബാദ് 3–1ന് നേടി. ഇത് പുതിയ കളി:
വുകോമനോവിച്ച്
ആദ്യപാദ സെമിയിലെ ഒരുഗോൾ ആനുകൂല്യം മറന്നാണ് രണ്ടാംപാദത്തിൽ ഇറങ്ങുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്.
ആദ്യപാദം മായ്ച്ചുകളഞ്ഞാണ് ഇറങ്ങുന്നത്. ഇത് പുതിയ മത്സരമാണ്– വുകോമനോവിച്ച് പറഞ്ഞു.
ഒരുഗോൾ ജയം കളിയിൽ ആനുകൂല്യം നൽകുന്നില്ല. ആ കളി കഴിഞ്ഞു.
ഇത് മറ്റൊരു മത്സരം. അതിൽമാത്രമാണ് ശ്രദ്ധ– കോച്ച് വ്യക്തമാക്കി.
ആദ്യപാദം ജയിച്ചപ്പോൾ ലോകകപ്പ് നേടിയതുപോലെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കാർ ആഘോഷിച്ചതെന്ന ജംഷഡ്പുർ പരിശീലകൻ ഓവൻ കോയ്-ലിന്റെ പ്രസ്താവനയോടും വുകോമനോവിച്ച് പ്രതികരിച്ചു.
‘എല്ലാ ജയങ്ങളും ഞങ്ങൾ ആഘോഷിക്കും. ഞങ്ങളെ വലിയ പ്രതീക്ഷയോടെയല്ല ആരും കണ്ടത്.
പ്ലേ ഓഫിൽ തോൽപ്പിച്ചത് നിസ്സാരക്കാരെയല്ല. തുടർച്ചയായ ഏഴുജയം നേടിയ ടീമിനെയാണ്.
മഹത്തരമായ നേട്ടമാണത്. പൊരുതി നേടിയതാണ്.
അതിനാൽ ആഘോഷിക്കും’. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]