
ഇസ്ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രസ്താവനയില്‍ നിന്ന് മലക്കംമറിഞ്ഞ് പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീരിന്റെ പ്രത്യേകാധികാരം പുനസ്ഥാപിക്കണമെന്നും അതിന് ശേഷം മാത്രം ചര്‍ച്ച നടത്താമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ‘2019 ഓഗസ്റ്റ് അഞ്ചിലെ അനധികൃത നടപടി ഇന്ത്യ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളുവെന്ന് അഭിമുഖത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു’ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നത് യുഎന്‍ പ്രമേയങ്ങള്‍ക്കും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷത്തിനും അനുസൃതമായിരിക്കണം. അല്‍ അറേബ്യയ്ക്ക് നടത്തിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ഇത് വ്യക്തമാക്കിയിട്ടുണ്ടെന്ന് പാക് പ്രധാനമന്ത്രിയുടെ വക്താവിനെ ഉദ്ധരിച്ചുള്ള ട്വീറ്റില്‍ പറയുന്നു.
ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ചെന്നും സമാധനമാണ് പാകിസ്ഥാന് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു അല്‍ അറേബ്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി പറഞ്ഞത്.
മേഖലയില്‍ സമാധാനം ഉണ്ടായാല്‍ മാത്രമേ ഇന്ത്യയ്ക്കും പാകിസ്ഥാനും വളരാനാവൂ എന്ന് ഷെരീഫ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നമുക്ക് എന്‍ജിനിയര്‍മാരും ഡോക്ടര്‍മാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്.
സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മില്‍ത്തല്ലി സമയം കളയണോ എന്നു നമ്മള് തന്നെ തീരുമാനിക്കണം. മൂന്നു യുദ്ധങ്ങളാണ് പാകിസ്ഥാന് ഇന്ത്യയുമായി നടത്തിയത്. കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്. ഞങ്ങള്‍ പാഠം പഠിച്ചുകഴിഞ്ഞു, ഇനി സമാധാനത്തോടെ ജീവിക്കണം. അതോടൊപ്പം യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിക്കാനും നമുക്കു കഴിയണം.
ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്ഥാന് ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
The post ‘കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ചര്‍ച്ചയ്ക്കില്ല’; മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]