
സ്വന്തം ലേഖകൻ
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അനായാസവിജയം കൈപ്പിടിയിലാക്കി ഗുജറാത്ത് ടൈറ്റന്‍സ്. പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 154 റണ്‍സ് വിജയ ലക്ഷ്യം ഒരു പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു. 67 റൺസുമായി ഉറച്ചുനിന്ന ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ വിജയശില്പി.
ടോസ് നേടി പഞ്ചാബിനെ ബാറ്റിങിനയച്ച ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയുടെ ആദ്യ തീരുമാനം തന്നെ മികച്ചതാണെന്ന് തോന്നിക്കുന്നതായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. പവര്‍പ്ലേയില്‍ തന്നെ ഓപ്പണര്‍മാരെ മടക്കി ഗുജറാത്ത് കരുത്ത് കാണിച്ചപ്പോള്‍ പിന്നീട് ക്രീസിലെത്തിയ പഞ്ചാബ് നിര ചെറിയ സംഭാവനകള്‍ മാത്രം ടീം സ്കോര്‍ കാര്‍ഡിലേക്ക് എഴുതിച്ചേര്‍ത്ത് തിരികെ കയറുകയായിരുന്നു.
പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് എന്നത് തങ്ങളെ സംബന്ധിച്ച് വളരെ കുറഞ്ഞ മാര്‍ജിനാണെന്ന തരത്തിലായിരുന്നു ഗുജറാത്തിന്റെ മറുപടി ബാറ്റിങ്. ഓപ്പണര്‍മാരായി കളത്തിലെത്തിയ വൃദ്ധിമാന്‍ സാഹയും ശുഭ്മാന്‍ ഗില്ലും ടീമിന് മികച്ച തുടക്കം തന്നെ നല്കി. പവര്‍പ്ലേ ഒരു പവര്‍ ഷോ ആക്കി മാറ്റാനും ഇരുവരും മറന്നില്ല.
ആദ്യ പന്ത് മുതല്‍ തന്നെ തകര്‍ത്ത് ബാറ്റുവീശിയ ഗുജറാത്തിന് നാലാമത്തെ ഓവറില്‍ വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. എന്നാല്‍ നേരിട്ട 19 പന്തില്‍ അഞ്ച് ബൗണ്ടറികളുമായി 30 റണ്‍സ് നേടിയാണ് സാഹ മടങ്ങിയത്. കാഗിസോ റബാഡയുടെ പന്തില്‍ മാത്യു ഷോര്‍ട്ടിന്റെ ക്യാച്ച് നല്‍കിയായിരുന്നു സാഹയുടെ മടക്കം.
പിന്നാലെയെത്തിയ സായ് സുദര്ശന് ശുഭ്മാന്‍ ഗില്ലിന് മികച്ച പിന്തുണ നല്കി. എന്നാല്‍ സായ് സുദര്‍ശന്റെ റണ്‍വേട്ട 11 ആം ഓവറില്‍ അര്‍ഷദീപ് സിങിന്റെ പന്തില്‍ പ്രഭ്സിമ്രാന്റെ കൈകളില്‍ അവസാനിച്ചു. 20 പന്തുകളില്‍ 19 റണ്‍സായിരുന്നു സുദര്‍ശന്റെ സമ്പാദ്യം. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ഡേവിഡ് മില്ലറും ശുഭ്മാന്‍ ഗില്ലും ചേർന്ന് ഗുജറാത്തിനെ വിജയലക്ഷ്യത്തിനരികിൽ എത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് കിങ്സിന് ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ ഓപ്പണറായ പ്രഭ്സിമ്രാന് സിങിനെ നഷ്ടമായതോടെ തന്നെ അടിതെറ്റി. തുടര്‍ന്ന് ഏത് പ്രതിസന്ധി ഘട്ടത്തിലും നായകനായി നെഞ്ചുവിരിച്ചു നില്ക്കാറുള്ള ശിഖര്‍ ധവാനും പവര്‍പ്ലേ മുഴുവനാക്കാതെ മടങ്ങിയതോടെ ടീമിന്റെ താളം തെറ്റി.
അര്‍ധ സെഞ്ചുറികളും നിര്‍ണായക ഇന്നിംഗ്സുകളുമായി സീസണില്‍ ഇതുവരെ തിളങ്ങി നിന്ന ധവാന്, ജോഷ്വ ലിറ്റിലിന്റെ പന്തില്‍ അല്‍സാരി ജോസഫിന്റെ ക്യാച്ച് നല്കി മടങ്ങുകയായിരുന്നു. മത്സരത്തില്‍ എട്ട് പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് മാത്രമേ അദ്ദേഹത്തിന് സ്കോര്‍ കാര്‍ഡില്‍ എഴുതിച്ചേര്‍ക്കാനായുള്ളു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]