
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നതിനും കേന്ദ്രസർക്കാരിന്റെ നിക്ഷിപ്ത താൽപര്യങ്ങൾ സഹകരണ മേഖലയിൽ അടിച്ചേൽപ്പിക്കുന്നതിനും, കടന്നു കയറുന്നതിനും ലക്ഷ്യം വെച്ചുള്ള കേന്ദ്രത്തിന്റെ നടപടികളെ നിയമപരമായും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെയും സഹകാരിസമൂഹം പ്രതിരോധിക്കുമെന്ന് മന്ത്രി സഹകരണ സംഘം പ്രസിഡന്റുമാരുടെ സംസ്ഥാന തല യോഗത്തിൽ വ്യക്തമാക്കി.
കേന്ദ്ര സഹകരണ വകുപ്പ് മന്ത്രിയും കേന്ദ്ര സഹകരണ സെക്രട്ടറിയും സംസ്ഥാന സർക്കാരുമായോ സഹകരണ വകുപ്പ് മന്ത്രിയുമായോ ഇത്തരം വിഷയങ്ങൾ സംബന്ധിച്ച് ചർച്ചയോ അഭിപ്രായങ്ങളോ തേടാതെയാണ് ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുന്നത്.
ഫെഡറൽ തത്വങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണ് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നടത്തിവരുന്നത്. മുൻപ് ഇത്തരം നടപടികൾ ഉണ്ടായപ്പോൾ കോടതിയെ സമീപിക്കുകയും ജനാധിപത്യപരമായ പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യവും മന്ത്രി ഓർമ്മപ്പെടുത്തി.
കേന്ദ്രസർക്കാർ 2012ൽ കൊണ്ടുവന്ന 97 -ാംഭരണഘടനാ ഭേദഗതി ഭരണഘടന വിരുദ്ധമെന്ന് സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഭരണഘടന ബെഞ്ചിലെ ന്യായാധിപനായ ജസ്റ്റിസ്റ്റ്.കെ.എം. ജോസഫ് ന്യൂനപക്ഷ വിധിയിലൂടെ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം ആക്ട് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വിഷയമായ ബാങ്കിംഗ് സംബന്ധിച്ച് കേന്ദ്രസർക്കാറിന് നിയമനിർമാണം സാധ്യമാണ്. എന്നാൽ ഈ അധികാരം ഉപയോഗിച്ച് ബി ആർ ആക്ടിൽ 2020 ൽകൊണ്ടുവന്ന ഭേദഗതിയിലൂടെ സഹകരണ സംഘങ്ങളുടെ ഭരണപരമായ വിഷയങ്ങളിൽ നേരിട്ട് ഇടപെടലുകൾ നടത്തി വരുന്നുണ്ട്.
അർബൻ ബാങ്ക് ഭരണസമിതിയുടെ ഘടന, കാലാവധി, അംഗത്വ യോഗ്യത, സി ഇ ഒ നിയമനം, ഓഹരികൾ സംബന്ധിച്ച വ്യവസ്ഥ, ഭരണസമിതിയെ പിരിച്ചുവിടുന്നതിനുള്ള അധികാരം തുടങ്ങിയവ ആർ ബി ഐ യിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. സഹകരണ നിയമ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റിന് പകരം സി. എ ഓഡിറ്റ് നിർബന്ധമാക്കുകയും ചെയ്തു.
സഹകരണ നിയമ പ്രകാരവും സഹകരണ തത്വങ്ങൾ പ്രകാരവും സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഒരു അംഗത്തിന് ഒരു വോട്ട് എന്ന ജനാധിപത്യ വ്യവസ്ഥയിൽ ഊന്നിനിന്നുകൊണ്ടാണ്. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട് സഹകരണ അർബൻ ബാങ്കുകളുടെ ഷെയറുകൾ ബാങ്ക് കമ്പനി വ്യവസ്ഥ പ്രകാരം പബ്ളിക്കിന് ന് ഇഷ്്യു ചെയ്യുന്നതിനും ലിസ്റ്റ് ചെയ്യുന്നതിനും ബി ആർ ആക്ട് ഭേദഗതിയിൽ വ്യവസ്ഥ ചെയ്തു.
ഇൻകം ടാക്സിന്റെ 80 (പി), 194 ( എൻ)തുടങ്ങിയ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തെ സഹകരണബാങ്കുകൾക്ക് നിലവിൽ ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുകയും പുതിയ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുകയും സഹകരണ സംഘങ്ങളുടെ പൂർണമായ നിയന്ത്രണം കേന്ദ്രത്തിൽ നിക്ഷിപ്തമാക്കുന്നതിന് നിരന്തരമായ നടപടികൾ സ്വീകരിച്ചു വരികയുമാണ്. ഈ പ്രകാരമുള്ള നടപടികളുടെ ഭാഗമായി ദേശീയതലത്തിൽ 3 സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചു. ഈ സംഘങ്ങളിൽ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങൾ അംഗത്വമെടുക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സംഘങ്ങൾ മൾട്ടിസ്റ്റേറ്റ് സംഘങ്ങളിൽ അംഗത്വം എടുക്കുന്നതിലൂടെ അത്തരം സംഘങ്ങളെ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു.
പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്വെയർ കേന്ദ്രതലത്തിൽ തയ്യാറാക്കി നൽകുമെന്നും സംസ്ഥാനങ്ങൾ ഈ സോഫ്റ്റ്വെയർ സംഘങ്ങളിൽ ഉപയോഗിക്കണമെന്നതുമാണ് മറ്റൊരു നിർദ്ദേശം. സംഘങ്ങളുടെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ ഡാറ്റായും, വ്യക്തി വിവരങ്ങൾഅടക്കം കേന്ദ്രം സർവറിലാണ് സൂക്ഷിക്കപ്പെടുക. ഈ വിവരങ്ങൾ വിവിധ ഏജൻസികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തി വിവരങ്ങൾ അടക്കം ഇതിലൂടെ കേന്ദ്ര സർക്കാരിന് ലഭ്യമാക്കുന്നതിനും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തുന്നതിനുമായിട്ടാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനസർക്കാർ കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് ഏകീകൃത സോഫ്റ്റ്വെയർ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു അത് അന്തിമഘട്ടത്തിലുമാണ്.
രാജ്യത്തെ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ, ഡയറി സംഘങ്ങൾ, മത്സ്യ സംഘങ്ങൾ എന്നിവയുടെ അടിസ്ഥാന വിവരങ്ങൾ കേന്ദ്രം തയ്യാറാക്കുന്ന ഡേറ്റാ ബേസിലേക്ക് നൽകണമെന്ന നിർദ്ദേശം കേന്ദ്ര സഹകരണ മന്ത്രാലയം നൽകിയിരുന്നു. രാജ്യത്തെ ഇത്തരം സംഘങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ഡേറ്റാബേസ് തയ്യാറാക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പ്രസ്തുത ഡാറ്റാബേസിലേക്ക് നൽകുകയും ചെയ്തു.
ആ വിവരങ്ങൾ ഉപയോഗപ്പെടുത്തി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര നിയമപ്രകാരം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനാണ് കേന്ദ്രസർക്കാർ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഡാറ്റാ ബേസിലെവിവരങ്ങൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ സംഘങ്ങളുടെമേൽ നേരിട്ട് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനാണ് കേന്ദ്രം നീക്കം നടത്തുന്നത്.
കേരളത്തിൽ നിലവിൽ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കുന്നത്. കേരളത്തിൽ ആകെ 941 പഞ്ചായത്തുകൾ നിലവിലുള്ളപ്പോൾ 1607 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ മത്സ്യമേഖലയിൽ 1562 സഹകരണ സംഘങ്ങളും, ക്ഷീര മേഖലയിൽ 3649 സംഘങ്ങളും രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. അവയെ സംരക്ഷിച്ച് മുന്നോട്ടു നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
സഹകരണ നിക്ഷേപ സമാഹരണം, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, സഹകരണ എക്സ്പോ, സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതി തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്തു.
ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളുടെയും പ്രസിഡന്റുമാർ, സഹകരണ സംഘം സെക്രട്ടറി മിനി ആന്റണി ഐ എ എസ് , രജിസ്ട്രാർ സുഭാഷ് ടി വി ഐ എ എസ് , ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ തുടങ്ങിയവരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]