കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ കേരളത്തിലെ 2 അപകടങ്ങൾ അടക്കം ഏഴു ചരക്കുതീവണ്ടികളാണ് പാളംതെറ്റിയത്. പാളത്തിലെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും വേണ്ടത്ര പരിശീലനം ലഭിക്കാത്ത കരാർതൊഴിലാളികളെ നിയോഗിക്കുന്നതുമാണ് തുടർച്ചയായി തീവണ്ടി അപകടങ്ങൾക്ക് കാരണമെന്ന് കണ്ടെത്തൽ.
പഴയ പാളങ്ങളും സ്ലീപ്പറുകളും മാറ്റി പുതിയവ സ്ഥാപിക്കുന്ന പണിയും സിഗ്നൽസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്ന പണിയും രാജ്യമെമ്പാടും നടക്കുന്നുണ്ട്. എന്നാൽ, അറ്റകുറ്റപ്പണിക്ക് മതിയായ സമയം അനുവദിക്കാൻ റെയിൽവേക്ക് കഴിയുന്നില്ല.
പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താൻ മതിയായസമയം കിട്ടുന്നില്ലെന്ന് സുരക്ഷാവിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാർ പറയുന്നു. കൂടുതൽ സമയം അനുവദിച്ചാൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കേണ്ടിവരും.കോവിഡ് വ്യാപനത്തെത്തുടർന്ന് തീവണ്ടിസർവീസുകൾ നിർത്തിവെച്ചപ്പോൾ പാളങ്ങളിൽ അറ്റകുറ്റപ്പണികൾ അതിവേഗം നടന്നിരുന്നു.
എന്നാൽ ഘട്ടംഘട്ടമായി എക്സ്പ്രസ് തീവണ്ടികളും പാസഞ്ചറുകളും ഉൾപ്പെടെയുള്ളവ പുനരാരംഭിച്ചപ്പോൾ അറ്റകുറ്റപ്പണികൾക്ക് മതിയായസമയം ലഭിക്കാതെവന്നു. അനുവദിച്ച സമയത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാൻ കഴിയുന്നില്ല. വർഷവും വിരമിക്കുന്ന ജീവനക്കാർക്കുപകരം പുതിയ നിയമനം നടത്താത്തതും അപകടത്തിന് കാരണമാണ്. കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തതും അറ്റകുറ്റപ്പണിയിലെ അപാകത്തിന് കാരണമാണ്.
കേരളത്തിൽ ജനുവരി 27ന് രാത്രി 10.30ന് ആലുവ സ്റ്റേഷനിലെ മൂന്നാമത്തെ പാളത്തിൽ വിശാഖപട്ടണത്തുനിന്ന് സിമന്റ് കയറ്റിവന്ന ചരക്കുതീവണ്ടി പാളംതെറ്റിയിരുന്നു. രാവിലെ വരെ ഈ വഴിയുള്ള 11 തീവണ്ടികൾ റദ്ദാക്കേണ്ടി വന്നു. കഴിഞ്ഞദിവസം മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോയ ചരക്കുതീവണ്ടി തൃശ്ശൂർ പുതുക്കാട്ടിൽ പാളം തെറ്റിയതിനെത്തുടർന്ന് ദീർഘദൂരതീവണ്ടികൾ ഉൾപ്പെടെ റദ്ദാക്കേണ്ടിവന്നു. പല തീവണ്ടികളും വൈകി.
കേരളത്തിൽ ഏറ്റവും കൂടുതൽ ഗതാഗതത്തിരക്ക് ഏറിയ തീവണ്ടിപ്പാതയാണ് എറണാകുളം-ഷൊർണൂർ പാത. ഈ റൂട്ടിൽ മൂന്നാംപാത അനിവാര്യമാണെന്ന് റെയിൽവേതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, റെയിൽവേയുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതിനാൽ മൂന്നാംപാതനിർമാണം അനിശ്ചിതമായി നീളുകയാണ്. കഴിഞ്ഞ ബജറ്റിൽ 75 ലക്ഷം രൂപ മാത്രമാണ് പാതയ്ക്ക് അനുവദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]