
തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് കത്തു നല്‍കും. ദേശീയതലത്തിലെ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടും.
കേസന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേസിന്റെ ഫയലുകളെല്ലാം അന്വേഷണ സംഘം ഏറ്റുവാങ്ങി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തില്‍ ദുരൂഹത സൂചിപ്പിക്കുന്ന സാഹചര്യത്തില്‍, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദ പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ തീരുമാനം.
മൃതദേഹം സംസ്കരിച്ചതിനാല്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തുക സാധ്യമല്ല. അതിനാല്‍ ലഭ്യമായ പോസ്റ്റ്മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകളും തെളിവുകളും, ശാസ്ത്രീയപരിശോധനാഫലങ്ങളുമെല്ലാം പരിശോധിച്ച് മരണകാരണം കണ്ടെത്താനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
കഴുത്ത് ഞെരിഞ്ഞാണ് നയനയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ അടിവയറ്റില്‍ ക്ഷതമേറ്റതും, ആന്തരികാവയങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകളുണ്ടായതും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് ഗൗരവമായി എടുത്തില്ലെന്നാണ് ആക്ഷേപം.
2019 ഫെബ്രുവരി 24നാണ് കൊല്ലം സ്വദേശി നയനസൂര്യയെ (28) തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ അതെല്ലാം അവഗണിച്ച് നയന സ്വയം കഴുത്തുമുറുക്കി ജീവനൊടുക്കിയെന്ന നിലയിൽ മ്യൂസിയം പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
കൊലപാതകക്കേസിൽ പ്രാഥമികമായി ശേഖരിക്കേണ്ട യാതൊരു തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നില്ലെന്ന് പിന്നീട് കേസിനെക്കുറിച്ച് പഠിച്ച ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ലോക്കൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി. സാഹചര്യ തെളിവുകൾ അടക്കം സൂക്ഷ്മമായി വിലയിരുത്തിയില്ല. മൊബൈൽ ഫോൺ രേഖകൾ അടക്കം വിശദമായി പരിശോധിച്ചില്ല. വസ്ത്രങ്ങൾ അടക്കം ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് തെളിവുകൾ ശേഖരിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.
നയനയുടെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ ശശികല രംഗത്തെത്തിയിരുന്നു. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് നല്‍കിയിട്ടില്ല, മറിച്ച് കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്ന് ശശികല വെളിപ്പെടുത്തി. കൊലപാതകം തന്നെയാണ് ആദ്യ സാധ്യതയായി താന്‍ ചൂണ്ടിക്കാട്ടിയത്. എന്നാലത് ഒഴിവാക്കിയാണ് പൊലീസ് മൊഴി തയ്യാറാക്കിയിട്ടുള്ളത്.
കൊലപാതകമാണെന്ന സൂചന കൊണ്ടാണ് മരണം നടന്ന സ്ഥലം സന്ദര്‍ശിച്ചത്. മുറിയില്‍ നയന കിടന്നിരുന്നതായിപ്പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയില്‍ കണ്ടിരുന്നു. കഴുത്തില്‍ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നു. ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസം അടക്കമുള്ളവയും വെച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞത്. ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദമായി പറഞ്ഞുകൊടുത്തെങ്കിലും അത് രേഖപ്പെടുത്തിയ മൊഴിയില്‍ ഇല്ലെന്ന് ശശികല വ്യക്തമാക്കിയിരുന്നു.
The post നയനസൂര്യയുടെ ദുരൂഹമരണം: കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ്; കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് <br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]