
കൊച്ചി: നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. വഞ്ചനക്കുറ്റത്തിനു പുറമെ ചട്ടവിരുദ്ധ നിക്ഷേപം തടയൽ (ബഡ്സ്) നിയമവും റാണയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി പൊള്ളാച്ചി ദേവരായപുരത്ത് ഒളിവിൽ കഴിഞ്ഞ റാണയെ പൊലീസ് പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊച്ചിയിൽ എത്തിച്ച് അന്വേഷണം നടത്തി. പണം ധൂർത്തടിച്ച് കളഞ്ഞെന്നാണ് ചോദ്യം ചെയ്യലിൽ റാണ മൊഴി നൽകിയത്. ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാവർക്കും പണം തിരിച്ചുകൊടുക്കുമെന്നും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ റാണ മാധ്യമങ്ങളോട് പറഞ്ഞു. ‘‘ബിസിനസ് മാത്രമാണ് ചെയ്തത്. അതിൽ ഉയർച്ച താഴ്ചകളുണ്ടാകും. ജാമ്യം നേടുന്നതിനായി മാറി നിന്നതാണ്’’, റാണ പറഞ്ഞു.
48ശതമാനം പലിശ വാഗ്ദാനം ചെയ്ത് 250ലേറെ നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് പ്രവീൺ റാണയ്ക്കെതിരായ കേസ്. ഇതുവരെ 39 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ റാണയുടെ പേരിലുള്ള ഏഴ് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചെങ്കിലും ആ അക്കൗണ്ടുകൾ കാലിയാണ്. സുഹൃത്തുക്കളെ ബെനാമികളാക്കി പണം കൈമാറിയിരുന്നെന്നാണ് വിവരം. കൊച്ചിയിലെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ കണ്ണൂർ സ്വദേശി ഷൗക്കത്ത് 16 കോടി രൂപ തന്നിൽ നിന്നു കൈപ്പറ്റിയിട്ടുണ്ടെന്ന് റാണ മൊഴി നൽകിയിട്ടുണ്ട്. ധൂർത്താണു തന്നെ നശിപ്പിച്ചതെന്നും നായകനാകാൻ വേണ്ടി രണ്ട് സിനിമ നിർമിച്ചതും 14 ജില്ലകളിലായി വിവാഹ സൽക്കാരം നടത്തിയതും കുത്തുപാളയെടുപ്പിച്ചെന്നാണ് റാണ പറയുന്നത്. പാലക്കാട്ട് വാങ്ങിയ 52 സെന്റ് സ്ഥലം മാത്രമേ സ്വത്തായി അവശേഷിക്കുന്നുള്ളൂ എന്നാണ് ഇയാളുടെ വാദം.
The post <br>‘സിനിമ നിർമാണവും വിവാഹ സത്കാരവും കുത്തുപാളയെടുപ്പിച്ചു’, അക്കൗണ്ടുകൾ കാലി; പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]