
മൃതദേഹം പൊലീസ് കണ്ടെടുക്കുന്നു, രമ്യയെ കാണാനില്ലെന്ന് കാണിച്ച് നൽകിയ പത്രപരസ്യം; സ്ക്രീൻഷോട്ട്
കൊച്ചി: വൈപ്പിനില്‍ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സജീവന് മക്കളെ നുണ പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് പറഞ്ഞ് രമ്യയുടെ സഹോദരന് രത്ത് ലാലാണ് രംഗത്ത് വന്നത്.
ഇന്ന് വൈകീട്ടോടെയാണ് ഒന്നര വര്‍ഷം മുന്‍പ് കാണാതായ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വാചാക്കല്‍ സജീവന്റെ ഭാര്യ രമ്യയെ (32) കൊന്ന് വീടിന് സമീപം കുഴിച്ചുമൂടി എന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് രമ്യയുടെ സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍. ‘രമ്യ മറ്റൊരാളുടെ കൂടെ പോയെന്ന് മക്കളെ പറഞ്ഞ് സജീവന് വിശ്വസിപ്പിച്ചു. പുറത്തറിഞ്ഞാല്‍ നാണക്കേടാണെന്നും കുട്ടികളെ പറഞ്ഞ് ധരിപ്പിച്ചു. ആരെങ്കിലും ചോദിച്ചാല്‍ അമ്മ പഠിക്കാന്‍ പോയെന്ന് പറയാനും കുട്ടികളെ പഠിപ്പിച്ചു. ആറ് മാസത്തോളം ഇതില്‍ സംശയം ഒന്നും തോന്നിയില്ല. രമ്യയെ കാണാതായി ആറുമാസം കഴിഞ്ഞാണ് പരാതി നല്‍കിയത്’- രത്ത് ലാലിന്റെ വാക്കുകള്‍.
2021 ആഗസ്റ്റ് 17 മുതല്‍ രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കിയാണ് രമ്യയുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടത്. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പത്രപ്പരസ്യവും നല്കി. നരബലി കേസിനെ തുടര്‍ന്ന് കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുകയും അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്.
രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായതെന്ന് പൊലീസ് പറയുന്നു. നാട്ടുകാരും അയല്‍ക്കാരുമെല്ലാം രമ്യയെപ്പറ്റി അന്വേഷിക്കുമ്പോള്‍ ജോലിയിലാണെന്നും പുറത്താണെന്നുമൊക്കെയാണ് സജീവന് നാട്ടുകാരോട് പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയെ കുറിച്ചുള്ള സംശയങ്ങളെന്ന് സജീവന് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. വൈപ്പിന്‍ ഞാറയ്ക്കലില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഭര്‍ത്താവ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ നല്കിയ കുറ്റസമ്മതമൊഴിയിലാണ് വെളിപ്പെടുത്തല്‍ എന്നും പൊലീസ് പറയുന്നു.
സജീവന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിന്റെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിലാണ് അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചത് രമ്യയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് പറയുന്നു.
2021 ഒക്ടോബര്‍ 16നാണ് സജീവന് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കയര്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് സജീവന്റെ മൊഴി. പകല്‍സമയത്താണ് കൊല നടത്തിയത്. രാത്രി കുഴിച്ചിട്ടെന്നും സജീവന് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
സജീവന് തന്നെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവന് പരാതി നല്‍കിയിരുന്നു. എന്നാല്‍, മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കേസന്വേഷണത്തില്‍ കാര്യമായ താല്പര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് സജീവന് കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇയാള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞാറയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് അസ്ഥിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
The post <br>‘അമ്മ മറ്റൊരാളുടെ കൂടെ പോയി, മക്കളെ പറഞ്ഞ് പറ്റിച്ചു’; കാണാനില്ലെന്ന് പത്രപരസ്യം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]