
പ്രഭാത വാർത്തകൾ
2024 | ജൂൺ 12 | ബുധൻ | ഇടവം 29
തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാജി ചോദിച്ചുവരേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിങ്ങള്‍ ജയിച്ചതിലൊന്നും വേവലാതിയില്ലെന്നും വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തില്‍ ജയിച്ചു എന്നുള്ളതിലാണെന്നും പിണറായി വിജയന് പറഞ്ഞു. മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണമെന്നും വിജയത്തില്‍ വല്ലാതെ അഹങ്കരിക്കരുതെന്നും പിണറായി വിജയന് പ്രതിപക്ഷത്തോട് പറഞ്ഞു. പലയിടത്തും നിങ്ങള്‍ക്ക് ഒപ്പം നിന്ന ശക്തികള്‍ നിങ്ങള്‍ക്കൊപ്പം നിന്നില്ലെന്നും ക്രൈസ്തവ സഭാനേതൃത്വങ്ങളെ പരാമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സിപിഐയുടെ ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളില്‍ നിന്ന് എല്‍ഡിഎഫിന്റെ വന്‍ തോല്‍വിക്ക് സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എറണാകുളത്തെ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം. സര്‍ക്കാരിനെതിരെയുള്ള വികാരമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതെന്നും ക്ഷേമ പെന്ഷന് മുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പടെ കനത്ത തോല്‍വിക്ക് കാരണമായെന്നും ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കേരളത്തില്‍ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി. പിണറായിക്ക് കൂടിയുള്ള താക്കീതാണ് തിരഞ്ഞെടുപ്പ് ഫലം .ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ സിപി എം മാറ്റണം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് തുടര്‍ന്നാല്‍ സംഭവിക്കാന്‍ പോകുന്നത് സിപിഎമ്മിന്റെ അന്ത്യമാകുമെന്നും പ്രേമചന്ദ്രന് പറഞ്ഞു.
തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണെന്നും കേരള നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കി. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും സതീശന് പറഞ്ഞു. ഇത്തരത്തില്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം ഒരു തരത്തിലും അനുവദിക്കില്ല. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ബില്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നതെന്നും സതീശന് പറഞ്ഞു.
അസാധ്യം എന്ന് കരുതിയതിനെ സാധ്യമാക്കിയതിന്റെ പേരാണ് രാഹുല്‍ഗാന്ധിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി സി വിഷ്ണുനാഥ്. തമിഴ്നാട്ടില്‍ എംകെ സ്റ്റാലിന് മുതല്‍ കശ്മീരില്‍ ഒമര്‍ അബ്ദുള്ള വരെയുള്ള നേതാക്കള്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാഹുലിനോടൊപ്പം നടന്നു. എന്നാല്‍ ബിജെപി വിളിച്ച പരിഹാസ പേര് വിളിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായതെന്നും വിഷ്ണു നാഥ് പറഞ്ഞു. ചുമരെഴുത്ത് വായിച്ച് അഹങ്കാരം മാറ്റിവച്ച് ഇനിയെങ്കിലും തിരുത്തിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, നിര്‍മ്മാതാവുമായ സൗബിന് ഷാഹിറിന് ചോദ്യം ചെയ്യാനായി നോട്ടീസ് നല്കി. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി രൂപ ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി. നിര്‍മാതാക്കള്‍ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം ഷാഫി പറമ്പില്‍ രാജിവച്ചു. പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തി രാജി സമര്‍പ്പിച്ച ശേഷം ഷാഫി പറമ്പില്‍ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാര്‍ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി. ഭാഷാ തടസങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനുമായി അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസിലാക്കുവാന്‍ കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്തുകയെന്നും കെഎസ്ആര്‍ടിസി അറിയിച്ചു
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാസ്ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭ. രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയട്ടേയെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ആശംസിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന, പാര്‍ട്ട് ടൈം, വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ കോഴ്സുകളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍ പഠിക്കാന്‍ താല്പര്യപ്പെടുന്ന കോഴ്സ് തുടങ്ങുന്നതിന് 2 മാസം മുന്‍പായി വകുപ്പ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല് വകുപ്പ് മേധാവി തീരുമാനമെടുക്കണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റര്‍ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നല്കുവാന് പാടുള്ളൂ. എന്നാല്‍ ഇത്തരം കോഴ്സുകളില്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ഓഫീസ് സമയത്തില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]